തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഒരു വർഷാന്ത്യ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിന് നവ്യാനുഭവം പകരുന്ന രീതിയിലാണ് ലൈറ്റിംഗ് ഒരുക്കിയിരിക്കുന്നത്. അയ്യായിരം നക്ഷത്രങ്ങള്‍ക്ക് പുറമെ വൈദ്യുതദീപാലങ്കാരം ഇരുപതടി ഉയരമുളള സാന്റാ, മെഗാനക്ഷത്രങ്ങള്‍, പുല്‍ക്കൂടുകള്‍ എന്നിവയും ഫെസ്റ്റ് നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.120 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ മുഖ്യ ആകർഷണമാകും.
പ്രസ് റിലീസ്
20/12/2025
നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന്(21/12/2025) തുടക്കമാകുന്ന ട്രിവാൻഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ് നിര്‍വഹിച്ചു. ക്രിസ്തുമസ് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണെന്നും ട്രിവാന്‍ഡ്രം ഫെസ്റ്റ് അത് ഒരുമയുടെ ആഘോഷമാക്കിയെന്നും കളക്ടര്‍ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ജയചന്ദ്രന്‍ നായര്‍, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, ആക്ട്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍സിങ്ങര്‍ യൂജിന്‍ പെരേര, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ , സി.എസ്.ഐ സൌത്ത് കേരള മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീണ്‍, റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, റവ. ഡോ. എ.പി. ക്രിസ്റ്റല്‍ ജയരാജ്, റവ. ഡോ.ജെ. ജയരാജ്, സാജന്‍ വേളൂര്‍, പ്രൊഫ. ഷേര്‍ലി സ്റ്റുവര്‍ട്ട്, റ്റി. മനോജ്, അലക്സ് പാപ്പച്ചൻ, മഞ്ചു തോമസ് , ഡെയ്‌സി സെബാസ്റ്റ്യൻ, ഡോ. സുരേഷ് ബല്‍രാജ്, സേവ്യര്‍ ലൂക്ക് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഇന്ന് വൈകിട്ട് 6 മണി മുതലാണ് ഫെസ്റ്റിന് തുടക്കമാവുക. ഉദ്ഘാടന സമ്മേളനത്തിൽ സി.എസ്.ഐ സഭ മോഡറേറ്റർ കമ്മിസറി റൈറ്റ്. റവ. തിമോത്തി രവീന്ദർ അധ്യക്ഷനാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ചേർന്ന് ഫെസ്റ്റിന് തിരിതെളിയിക്കും. വിവിധ ആത്മീയ സാമൂഹിക സംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ബീറ്റ് ബോക്‌സറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ആർദ്ര സാജൻ ബീറ്റ് ബോക്‌സിംഗ് അവതരിപ്പിക്കും. തുടർന്ന് രാത്രി 8 മുതൽ ഇഷാൻ ദേവും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡും അരങ്ങേറും.
വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളടങ്ങിയ ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക്, ബേർഡ്‌സ് പാർക്ക്, വ്യാപാര സ്റ്റാളുകൾ, ഗെയിമുകൾ എന്നിവ ഫെസ്റ്റിൽ ഉണ്ടാകും. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതലാണ് എക്‌സിബിഷനുകളിലേക്കുളള പ്രവേശനം അനുവദിക്കുക. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും.
ഫോട്ടോ : ട്രിവാന്‍ഡ്രം ഫെസ്റ്റിന് മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടിലെ വൈദ്യുത ദീപാലങ്കാരത്തിന്റെയും നക്ഷത്രവിളക്കുകളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ് നിര്‍വഹിക്കുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, ആക്ട്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍സിങ്ങര്‍ യൂജിന്‍ പെരേര, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ , സി.എസ്.ഐ സൌത്ത് കേരള മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീണ്‍ റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, റവ. ഡോ. എ.പി. ക്രിസ്റ്റല്‍ ജയരാജ്, റവ. ഡോ.ജെ. ജയരാജ്, സാജന്‍ വേളൂര്‍ തുടങ്ങിയവര്‍ സമീപം

