30ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെൽ
ഓർമകളുടെ ഇടമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ലൊക്കേഷൻ സ്കെച്ചുകൾ
(പടം)
ജന്മശതാബ്ദി പ്രദർശനത്തിന് കൈരളി തിയേറ്ററിൽ തുടക്കമായി
കേരളത്തിലെ സമകാലീന ചിത്രകലയുടെ ഭാഷയിൽ തന്റെ സവിശേഷ രേഖാചിത്രങ്ങളും ദൃശ്യ ഭാവനയും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ തിരഞ്ഞെടുത്ത സിനിമാ ലൊക്കേഷൻ സ്കെച്ചുകളുടെ പ്രദർശനം കൈരളി തിയേറ്ററിൽ ആരംഭിച്ചു.
നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്.
പ്രശസ്ത സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ. രാജീവ് കുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവലിലെ എക്സ്പീരിയൻസിയ, ഋത്വിക് ഘട്ടക്കിന്റെ പ്രദർശനം തുടങ്ങിയ ദൃശ്യാനുഭവങ്ങളോടൊപ്പമാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ലൊക്കേഷൻ സ്കെച്ചുകൾ പ്രദർശിപ്പിക്കുന്നത്.
‘തമ്പ്’, ‘സോപാനം’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും സജീവമായിരുന്ന അദ്ദേഹത്തിന്റെ, സിനിമയ്ക്കായി വരച്ച ലൊക്കേഷൻ സ്കെച്ചുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 22 ചിത്രങ്ങളാണ് കൈരളി തിയറ്ററിൽ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
മാനുഷിക ഘടകങ്ങൾ,
കാലഘട്ടം, സ്വഭാവ സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് കഥാപാത്രങ്ങൾക്ക് രൂപം നൽകാൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് സംവിധായകൻ ടരാജീവ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അദ്ദേഹത്തിന്റെ നിരീക്ഷണപാടവം വ്യക്തമാണ്.
ചടുലമായ വരകൾ വിപുലമായ രീതിയിൽ വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ആമുഖ പ്രസംഗം നടത്തി.
ലളിതകലാ അക്കാദമി സെക്രട്ടറി ഇൻ ചാർജ് രാജി എസ് പിള്ള ആശംസകളർപ്പിച്ചു.
ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിയും കേരള കാർട്ടൂൺ അക്കാദമി ചെയർമാനുമായ സുധീർനാഥ്,
അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ,
അക്കാദമി അംഗം
സോഹൻ സീനുലാൽ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ നന്ദി പറഞ്ഞു.

