പ്രശസ്ത ചലചിത്ര നിർമാതാവും ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയുടെ ഇപ്പോഴത്തെ ഉടമയുമായ എം. ശരവണൻ (എ.വി.എം ശരവണൻ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം എ.വി.എം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിവരെ പൊതുദർശനം നീളും.1939ൽ ജനിച്ച ശരവണൻ, സഹോദരനായ എം. ബാലസുബ്രഹ്മണ്യനൊപ്പം പിതാവ് എ. വി. മെയ്യപ്പനെ എ.വി.എം പ്രൊഡക്ഷൻസിന്റെ നടത്തിപ്പിൽ സഹായിച്ചു. 1950കളുടെ അവസാനം മുതൽ ചലച്ചിത്രനിർമാണത്തിൽ ഏർപ്പെട്ടിരുന്ന ശരവണൻ 1979ൽ പിതാവിന്റെ മരണശേഷം സ്റ്റുഡിയോകളും ചലചിത്ര നിർമാണവും ഏറ്റെടുക്കുകയായിരുന്നു.
എപ്പോഴും വെള്ള ഷർട്ടും വെള്ള പാന്റും ധരിച്ച് പ്രത്യക്ഷപ്പെടുന്ന അദ്ദേഹം തമിഴ് സിനിമയിലെ ഒരു ഇതിഹാസമായി കണക്കാക്കപ്പെട്ടിരുന്നു. 80കളിലും 90കളിലും ശരവണൻ ശ്രദ്ധേയമായ പ്രോജക്ടുകൾക്ക് പിന്തുണ നൽകി. അതിൽ ദേശീയ അവാർഡ് നേടിയ നിരവധി ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്. തമിഴിന് പുറമേ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം ചിത്രങ്ങൾ നിർമിച്ചു.
നാനും ഒരു പെൺ (1963), സംസാരം അതു മിൻസരം (1986), മിൻസാര കനവ് (1997), ശിവാജി: ദി ബോസ് (2007), വേട്ടൈക്കാരൻ (2009), അയൻ (2009) എന്നിവ അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട സിനിമകളാണ്. അദ്ദേഹത്തിന്റെ സിനിമകൾ നിരവധി തലമുറകളിലെ ചലച്ചിത്ര പ്രവർത്തകരെ സ്വാധീനിക്കുകയും ചലച്ചിത്ര ലോകമെമ്പാടും അദ്ദേഹത്തിന് വ്യാപകമായ ആദരവ് നേടിക്കൊടുക്കുകയും ചെയ്തു. ശരവണന്റെ മകൻ എം.എസ്. ഗുഹാനും ചലചിത്ര നിർമാതാവാണ്.

