ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. തന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ലാത്ത പ്രധാനമന്ത്രി ഞെട്ടലിലായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോടാണ് രാഹുല്‍ പ്രതികരിച്ചത്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.‘പ്രധാനമന്ത്രിക്ക് ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല. ഞാന്‍ പ്രയാസമേറിയ ഒരു ചോദ്യവും ചോദിച്ചിട്ടില്ല. വളരെ ലളിതമായിരുന്നു എന്റെ ചോദ്യങ്ങള്‍. പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള (അദാനി) ബന്ധം എന്ത്…? അദ്ദേഹം (ഗൗതം അദാനി) താങ്കളോടൊപ്പം എത്ര തവണ യാത്ര ചെയ്തു, എത്ര തവണ താങ്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചത്. ലളിതമായ ചോദ്യങ്ങളായിരുന്നുവെങ്കിലും ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ല’ രാഹുല്‍ പറഞ്ഞു.ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതിലൂടെ ചില സത്യങ്ങള്‍ ബോധ്യപ്പെടുന്നുണ്ട്. അവര്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ അന്വേഷണത്തിന് സമ്മതിക്കുമായിരുന്നു. പ്രതിരോധമേഖലയിലെ ഇടപാടുകള്‍ സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി മോദി അദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. ഇത് ദേശീയ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്‌നമാണ്. ‘അത് പരിശോധിക്കും’എന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. പക്ഷേ അങ്ങനെ ഉണ്ടായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.