മുത്തൂറ്റ് ക്യാപിറ്റലുമായി ചേർന്ന് 2025-ലെ മൂന്നാമത്തെ ഇന്ത്യൻ ബോണ്ട് മാർക്കറ്റ് ഇടപാട് പൂർത്തിയാക്കി ഗ്യാരന്റ്‌കോ .
കൊച്ചി, 07 – 11 -2025: പ്രൈവറ്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഗ്രൂപ്പിന്റെ (പിഐഡിജി) ഭാഗമായ ഗ്യാരന്റ്‌കോ ഏഴ് മാസത്തിനുള്ളിൽ അവരുടെ മൂന്നാമത്തെ ഇന്ത്യൻ മൂലധന കമ്പോള ഇടപാട് പൂർത്തിയാക്കി. രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ (എംസിഎസ്എൽ) 1.5 ബില്യൺ രൂപയുടെ ലിസ്റ്റ് ചെയ്ത ഗ്രീൻ ബോണ്ട് ഇഷ്യുവിന് ഭാഗികമായി ഗ്യാരണ്ടി നൽകിയാണ് ഇടപാട് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഗ്രാമീണ മേഖലയിലും, ചെറു പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകുന്നതിനായാണ് മുത്തൂറ്റ് ക്യാപിറ്റൽ ഈ ബോണ്ടിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുക.
ഗ്യാരന്റ്‌കോയുടെ ഗ്യാരണ്ടിയോടെ, മുത്തൂറ്റ് ക്യാപിറ്റലിന്റെ ആദ്യ ഗ്രീൻ ബോണ്ടിന് ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിൽ നിന്ന് എഎ+ റേറ്റിംഗ് ലഭിച്ചു. ഈ ബോണ്ടുകൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാത്രമായാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ബാങ്കുകളെ ആശ്രയിക്കുന്നതിൽ നിന്ന് മാറി, സ്ഥാപന നിക്ഷേപകരിൽ നിന്നും, ആറ് വർഷം വരെ കാലാവധിയുള്ള ദീർഘകാല ഫണ്ടുകൾ സമാഹരിക്കാൻ എംസിഎസ്എല്ലിനെ ഈ ഇടപാട് സഹായിക്കും.
സെപ്റ്റംബറിലെ തങ്ങളുടെ കെപിഐ ഗ്രീൻ ഇടപാടിന് പിന്നാലെ മറ്റൊരു ബോണ്ട് ഗ്യാരണ്ടി ഇടപാട് അതിവേഗം പൂർത്തിയാക്കാനായത് വിപണിയിലെ വളർച്ചയുടെ തെളിവാണെന്ന് ഗ്യാരന്റ്‌കോ ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് മാനേജിംഗ് ഡയറക്ടറും, പിഐഡിജി ഏഷ്യ ഹെഡ് ഓഫ് കവറേജുമായ നിഷാന്ത് കുമാർ പറഞ്ഞു.
സുസ്ഥിര ഗതാഗത സംവിധാനത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ്, ഗ്യാരന്റ്‌കോയുമായുള്ള പങ്കാളിത്തമെന്ന് മുത്തൂറ്റ് ക്യാപിറ്റൽ സിഇഒ മാത്യൂസ് മാർക്കോസ് പറഞ്ഞു.

