ഉറങ്ങുന്നതിനുമുമ്പ് പല്ല് തേയ്ക്കാറില്ലേ? ഹൃദയാരോഗ്യത്തിന് ഗുരുതര ദോഷം
രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. എന്നാൽ, രാത്രിയിൽ പല്ല് തേയ്ക്കാൻ മറന്നാൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. രാത്രിയിൽ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കുന്നത് നിങ്ങൾ കരുതുന്നതിലും ദോഷകരമാണെന്ന് ഡോ.കുനാൽ സൂദ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നു.”ഉറങ്ങുന്നതിന് മുമ്പ് പല്ല് തേച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്,” അദ്ദേഹം പറഞ്ഞു. വായുടെ ശുചിത്വം ഹൃദയാരോഗ്യത്തിനും അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.*പല്ല് തേയ്ക്കുന്നത് ഒഴിവാക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യുന്നത് എങ്ങനെ…?*“രാത്രിയിൽ പല്ല് തേയ്ക്കുന്നത് ഒഴിവാക്കുന്നത്, നിങ്ങൾ വായുടെ ആരോഗ്യം മോശമാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിലുമധികം ചെയ്തേക്കാം,” ഡോ.സൂദ് മുന്നറിയിപ്പ് നൽകി. 2023-ൽ നടത്തിയ ഒരു പഠനത്തിൽ വായുടെ ശുചിത്വക്കുറവ് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. പല്ല് തേയ്ക്കുന്നതിനുള്ള സമയം ശരിയായി പാലിക്കണമെന്ന് ഗവേഷകർ പഠനത്തിൽ വിശദീകരിച്ചിരുന്നു.പല്ല് തേച്ചില്ലെങ്കിൽ, വായിലെ ബാക്ടീരിയകൾ രാത്രി മുഴുവൻ അവിടെ തങ്ങിനിൽക്കും, ഇത് ഹൃദയത്തിന് കേടുപാടുകൾ വരുത്തുന്ന ഒരു ചെയിൻ റിയാക്ഷന് കാരണമാകുന്നു. വായിൽ നിന്നുള്ള ബാക്ടീരിയകൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും, കാലക്രമേണ ഹൃദയത്തെ ബാധിക്കുന്ന വീക്കം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഡോ.സൂദ് വ്യക്തമാക്കി. ബ്രഷിങ്ങും ഹൃദ്രോഗവും തമ്മിൽ നേരിട്ടുള്ള ബന്ധത്തിന് ശാസ്ത്രീയ തെളിവുകൾ ഇല്ല. പല്ല് തേയ്ക്കുന്നത് നേരിട്ട് ഹൃദ്രോഗത്തിന് കാരണമാകില്ലെന്ന് ഡോ. സൂദ് വിശദീകരിച്ചു. പകരം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന നിരവധി അപകട ഘടകങ്ങളിലൊന്നായി വായുടെ ശുചിത്വക്കുറവ് കണക്കാക്കപ്പെടുന്നു.ഡോ.സൂദിന്റെ അഭിപ്രായത്തിൽ, രണ്ടുനേരവും പല്ല് തേയ്ക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ ഹൃദയമുണ്ടാകാൻ സാധ്യതയുണ്ട്. വാസ്തവത്തിൽ, ദിവസത്തിൽ മൂന്ന് തവണയെങ്കിലും പല്ല് തേയ്ക്കുന്നതും പതിവായി പല്ല് വൃത്തിയാക്കുന്നതും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മോണരോഗം, പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുക തുടങ്ങിയ ദന്ത പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നാണ് വായുടെ ശുചിത്വമെന്ന് ഡോ.സൂദ് പറഞ്ഞു.മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക