കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.യുവതിയെ രക്ഷിക്കുന്നതിനിടെയിൽ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. അർച്ചനെയെ രക്ഷിച്ച് കയറുന്നതിനിടെയിലാണ് കൈവരി ഇടിഞ്ഞത്. ഇതോടെ വീണ്ടും സോണിയും അർച്ചനയും കിണറ്റിലേക്ക് വീണു. ഇതിന്റെ കൈവരിയിൽ നിൽക്കുകയായിരുന്നു ശിവകൃഷ്ണൻ. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന. കുടുംബ വഴക്കിനെ തുടർന്നാണ് അർച്ചന കിണറ്റിൽ ചാടിയത്. മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 80 അടി താഴ്ചയുള്ള കിണറായിരുന്നു.ഇന്ന് പുലർച്ചെയോടെയാണ് ഫയർഫോഴ്സിലേക്ക് അപകട വാർത്ത എത്തുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ച ഫയർഫോഴ്സ് വീട്ടിലേക്ക് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികൾ ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു.