സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് കാട്ടാക്കട മേഖലാസമ്മേളനം സമാപിച്ചു
തിരുവനന്തപുരം: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് കാട്ടാക്കട മേഖലാ സമ്മേളനം കഴിഞ്ഞ ദിവസം പാലേലി വിസ്ഡം ഫോർ ഏഷ്യാ ബൈബിൾ കോളേജ് ക്യാമ്പസിൽ വച്ച് നടത്തപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണമേഖലാ ഡയറക്ടർ പാസ്റ്റർ സനൽകുമാർ ആർ ഔപചാരികമായി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ എസ്. പി. സി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റും അസംബ്ലീസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്റ്റ് സൂപ്രണ്ടൻ്റുമായ റവ. എൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ‘മനുഷ്യപുത്രൻ്റെ വരവിൽ വിശ്വാസം കണ്ടെത്തുമോ?’ എന്ന കാലികപ്രസക്തമായ ചോദ്യമുന്നയിച്ചുകൊണ്ടാരംഭിച്ച പ്രഭാഷണം അക്ഷരീകമായ സ്വർഗ്ഗത്തെക്കുറിച്ചും, നരകത്തെക്കുറിച്ചും, കർത്താവിൻ്റെ വരവിനെക്കുറിച്ചുമുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല പശ്ചാത്തലത്തിൽ, ഒരു ശുശ്രൂഷകനെ സംബന്ധിച്ചിടത്തോളം ‘ഒന്നാമത് കർത്താവിൻ്റെ വരവിന് വേണ്ടി ഒരുങ്ങുക; പിന്നെ മതി മറ്റെല്ലാ ശുശ്രൂഷകളും’ എന്നും, അനദിനവും, അനുനിമിഷവും ഉണർവ്വോടെ അതിനായി കാത്തിരിക്കുകയും ചെയ്യണമെന്നും തിരുവചന വെളിച്ചത്തിൽ വ്യക്തമാക്കി. സുവിശേഷികരണം, നിലവാരമുള്ള കൃപാവരപ്രാപ്തരായ ദൈവദാസന്മാരെ ഒരുക്കിയെടുക്കുക, ദൈവ സഭകളുടെ ഏകീകരണം അഥവാ ദൈവജനങ്ങൾക്കിടയിൽ ഐക്യത നിലനിർത്തുക, ഇന്ത്യയിലെ ആത്മീക ഉണർവ്വ് എന്നീ ലക്ഷ്യങ്ങളാണ്, എസ്.പി.സി ക്കുള്ളതെന്നും ദൈവ ഇഷ്ടം തിരിച്ചറിഞ്ഞ് ഐക്യതയോടെ പ്രാർത്ഥിച്ചാൽ നിശ്ചയമായും ഇന്ത്യയിൽ ഒരു ഉണർവ്വ് കാണ്മാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രസ്തുത യോഗത്തിൽ എസ്.പി.സി ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു, ജില്ലാ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ദൈവദാനം, കാട്ടാക്കട മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സത്യദാസ്, സെക്രട്ടറി പാസ്റ്റർ ബാബു, ട്രഷറാർ പാസ്റ്റർ ജോൺ ശോഭന ദാസ്, വർക്കല മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സുരേന്ദ്രൻ, കോവളം മേഖലാ പ്രസിഡൻ്റ് പാസ്റ്റർ പുഷ്പാംഗരൻ, നെടുമങ്ങാട് മേഖലാ പ്രസിഡൻ്റ് പാസ്റ്റർ കനകരാജ് , തിരുവനന്തപുരം മേഖലാ സെക്രട്ടറി ജസ്റ്റിൻ എന്നിവരും പാറശ്ശാല മേഖലാ പ്രതിനിധികളായ പാസ്റ്റർ രാജേഷ്, പാസ്റ്റർ ദിപാക്കർ എന്നിവരും പങ്കെടുത്തു.