ഒത്തുകളി പൊളിഞ്ഞു; എഐജിയുടെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട കേസിലെ എഫ്ഐആറില്‍ മാറ്റം വരുത്തും; പോലീസ് ഡ്രൈവർ തന്നെ കേസിൽ പ്രതിയാകും

Spread the love

പത്തനംതിട്ട : തിരുവല്ലയിൽ എഐജിയുടെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട കേസിൽ എഫ്ഐആറില്‍ മാറ്റം വരുത്താനൊരുങ്ങി പോലീസ്. എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ചതിനെത്തുടർന്ന് അപകടത്തിൽ പരിക്കേറ്റ ആളെ പ്രതിയാക്കി പോലീസ് കേസെടുത്ത സംഭവത്തിലാണ് എഫ്ഐആറില്‍ മാറ്റം വരുന്നത്. എഐജി വിനോദ് കുമാറിനായുള്ള ഒത്തുകളി പുറത്ത് വന്നത്തിന് പിന്നാലെയാണ് എഫ്ഐആറിൽ മാറ്റം വരുത്താനുള്ള പോലീസിന്റെ തീരുമാനം. എഐജിയുടെ സ്വകാര്യവാഹനം ഓടിച്ച പോലീസ് ഡ്രൈവർ തന്നെ കേസിൽ പ്രതിയാകും. അപകടത്തിൽ പരിക്കേറ്റ ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശി ജീവൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ആഗസ്റ്റ് 30ന് രാത്രിയായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. പോലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്‍റെ സ്വകാര്യ വാഹനമാണ് കാൽനടയാത്രികനായ അതിഥി തൊഴിലാളിയെ ഇടിച്ചിട്ടത്. എംസി റോഡിൽ തിരുവല്ല കുറ്റൂരിൽ വെച്ചായിരുന്നു അപകടം. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി എടുത്ത ശേഷം അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. വിനോദ് കുമാറിന്റെ സ്വകാര്യ കാർ ഓടിച്ചത് പോലീസ് ഡ്രൈവർ തന്നെയായിരുന്നു. അയാളെ പ്രതി ചേർക്കാതെ അപകടത്തിൽ പരിക്ക് പറ്റിയ കാൽ നടയാത്രക്കാരനെയാണ് പ്രതിയാക്കിയത്. പോലീസിന്റെ ഈ വിചിത്രമായ നടപടി നടന്നതാവട്ടെ പത്തനംതിട്ട എസ്പി അറിയാതെയും. എഐജിയെ രക്ഷിക്കാനായി പോലീസുകാർ ഒത്തുകളിച്ചതായാണ് വിവരം.എന്തിനാണ് എഐജിക്കായി തിരുവല്ല പോലീസ് ഒത്തുകളിച്ചത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. മാത്രമല്ല പത്തനംതിട്ട എസ്പി ആർ ആനന്ദ് അവധിയിലുള്ളപ്പോൾ ആയിരുന്നു ഈ വാഹന അപകടവും അട്ടിമറിയും. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോലും എഐജിയുടെ വാഹനം അപകടത്തിൽപ്പെട്ട കാര്യം എസ്പിയെ അറിയിച്ചില്ല. സംഭവത്തിൽ പത്തനംതിട്ട എസ്പി ആർ. ആനന്ദ് കടുത്ത അതൃപ്തിയിലാണ്. മാത്രമല്ല അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് എസ്പി കൈമാറി. സ്വകാര്യവാഹനം പോലീസ് ഡ്രൈവറെ കൊണ്ട് ഓടിപ്പിച്ചതും എഐജിയുടെ ചട്ടവിരുദ്ധ നടപടിയാണ്. ഏറെക്കാലമായി പോലീസ് സേനയിലെ വിവാദനായകനാണ് വി ജി വിനോദ് കുമാർ ഐപിഎസ്. സംഭവവുമായി ബന്ധപ്പെട്ട ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ രണ്ട് ദിവസത്തിനകം എസ്പിക്ക് റിപ്പോർട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *