കരുതലും,തണലുമായി സർക്കാർ;പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2250 രൂപ, തോട്ടം തൊഴിലാളികൾക്ക് ഓണക്കിറ്റ്
തിരുവനന്തപുരം :സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം എക്‌സ്ഗ്രേഷ്യേ ലഭിക്കും. ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവർക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു.*പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ്*സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്‌റ്റ് കൂപ്പണുകൾ വിതരണം ചെയ്യും. 2149 തൊഴിലാളികൾക്ക് കിറ്റ് ഉറപ്പാക്കാൻ 21.49 ലക്ഷം രൂപ അനുവദിച്ചു.*പരമ്പരാഗത തൊഴിലാളികൾക്ക് 50 കോടി അനുവദിച്ചു*പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 50 കോടി രൂപയുടെ അധിക സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ (ഇൻകം സപ്പോർട്ട് സ്‌കീം) പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 3,79,284 തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്‌കീം ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്.

