ധർമസ്ഥലയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ശക്തമായ പ്രതിഷേധവുമായി ഭക്തർ

Spread the love

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ അന്വേഷണം ശക്തമായി നടക്കുന്നതിനിടയിൽ പ്രതിഷേധവുമായി ഭക്തർ. ധർമസ്ഥലയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു ആക്ടിവിസ്റ്റുകളും ബിജെപി അനുകൂലികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി കർണാടകയിലെ വിവിധ ജില്ലകളിൽ പ്രതിഷേധ റാലികളും ഇവർ സംഘടിപ്പിച്ചു.മഞ്ചുനാഥസ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് സ്ഥലത്ത് ബലാത്സംഗത്തിനിരയായ നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശരീരം ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. സംഭവത്തിൽ ചിക്കമംഗളൂരുവിൽ ബിജെപി അനുകൂലികളുടെയും ഹിന്ദു ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധ മാർച്ചും നടന്നു.രണ്ടായിരത്തിലധികം പേരാണ് രണ്ടുകിലോമീറ്റർ ദൂരത്തിൽ മാർച്ചിൽ പങ്കെടുത്തത്. ഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് സ്ത്രീകളടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. ധർമസ്ഥലയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങളിലൂടെ നടക്കുന്നതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.ധർമസ്ഥലയെ അപകീർത്തിപ്പെടുത്തുന്ന ഗിരീഷ് മട്ടന്നവർ, മഹേഷ് ഷെട്ടി തിമറോടി, യൂട്യൂബർ സമീർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധത്തിൽ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മൈസുരുവിൽ ധർമസ്ഥലയിലെ ധർമാധികാരി വീരേന്ദ്ര ഹെഗ്‌ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്ലക്കാർഡുകളുമായാണ് ഹിന്ദു ആക്ടിവിസ്റ്റുകൾ റാലിയിൽ പങ്കെടുത്തത്. അന്വേഷണത്തിൽ സുതാര്യത വേണമെന്നും ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കണമെന്നും അവർ പറയുന്നുണ്ട്.അതേസമയം, ചൊവ്വാഴ്ച്ച ധർമസ്ഥലയിലെ സ്‌പോട്ട് നമ്പർ 13-ൽ നടത്തിയ തിരച്ചിലിലും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. 16 സ്‌പോട്ടുകളിലായാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. അതിൽ ആറാമത്തെയും പതിനൊന്നാമത്തെയും സ്‌പോട്ടിൽ നിന്ന് അസ്തികൾ ലഭിച്ചിരുന്നു. ഇനിയും മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *