ഇലോണ്‍ മസ്‌കിനെ മുട്ടുകുത്തിച്ച ഇന്ത്യന്‍; ഒരിക്കലും മറക്കില്ലെന്ന് ഉറപ്പ്, കെട്ടിപ്പൊക്കിയ കമ്പനി പിരിച്ചുവിട്ട് ലോക കോടീശ്വരന്‍
ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ല അതിന്റെ സൂപ്പര്‍ കമ്പ്യൂട്ടര്‍ യൂണിറ്റായിരുന്ന ‘ഡോജോ’യുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ് നിലവില്‍ ടെക് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാം ഏറ്റെടുത്ത് വെന്നിക്കൊടി പാറിച്ച ചരിത്രമുള്ള മസ്‌കിന്റെ കാലിടറുന്നത് വളരെ അപൂര്‍വ്വമാണ്. നിലവില്‍ ഈ തിരിച്ചടിക്കു കാരണക്കാരില്‍ ഒരാള്‍ ഒരു ഇന്ത്യന്‍ ആണ്. ഇന്ത്യന്‍ വംശജനും, മുന്‍ ടെസ്ല എക്സിക്യൂട്ടീവുമായ ഗണേഷ് വെങ്കിട്ടരമണന്റെ പിന്‍മാറ്റമാണ് എടുത്തുപറയേണ്ടത്. അദ്ദേഹവും, ടെസ്ലയിലെ മറ്റ് മുന്‍ ഉന്നത എക്സിക്യൂട്ടീവുകളും ചേര്‍ന്ന് എഐ സ്റ്റാര്‍ട്ടപ്പായ ഡെസ്റ്റിനിഎഐ സ്ഥാപിച്ചതാണ് ഡോജോയ്ക്ക് പൂട്ടുവീഴാന്‍ കാരണം.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോജോയുടെ പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ഉന്നത എക്സിക്യൂട്ടീവുകള്‍ പുതിയ സ്റ്റാര്‍ട്ടപ്പായ ഡെസ്റ്റിനിഎഐയിലേക്ക് ചേക്കേറുകയുണ്ടായി. ഡോജോയിലെ പ്രധാനികളായിരുന്ന ഗണേഷ് വെങ്കിട്ടരമണന്‍, ബില്‍ ചാങ്, ബെന്‍ ഫ്‌ലോറിംഗ് എന്നിവര്‍ ചേര്‍ന്നാണ് ഡെസ്റ്റിനി എഐ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഡോജോയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. തുടര്‍ന്ന് സൂപ്പര്‍ കമ്പ്യൂട്ടര്‍ ടീമിനെ പിരിച്ചുവിടാന്‍ ടെസ്ല നടപടി സ്വീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിവച്ചാല്‍ ഡോജോ മേധാവി പീറ്റര്‍ ബാനനും കമ്പനി വിട്ടിട്ടുണ്ട്. ഇദ്ദേഹവും ഡെസ്റ്റിനിഎഐയില്‍ ചേരാന്‍ സാധ്യതയുണ്ട്.വാഹനങ്ങള്‍ മുതല്‍ റോബോട്ടുകള്‍ വരെമുഖം മാറുന്ന ലോകത്തിന്റെ മുഖഛായ മാറാന്‍ തയ്യാറെടുക്കുന്ന സ്ഥാപനമാണ് ഡെസ്റ്റിനി എഐ എന്നു പറയുന്നതില്‍ തെറ്റില്ല. നേതൃനിരയില്‍ മേഖലയില്‍ നൈപുണ്യമുള്ളവര്‍ തന്നെ. ഓട്ടോമോട്ടീവ് മുതല്‍ റോബോട്ടിക്സ് വരെയുള്ള വ്യവസായങ്ങള്‍ക്കായുള്ള ഡാറ്റാ സെന്റര്‍ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ മുന്നേറ്റം. ഡോജോ ടീമിലെ ഏകദേശം 20 അംഗങ്ങള്‍ ഇന്ന് ഡെസ്റ്റിനി എഐയുടെ കൂടെയാണ്. ഇതു ടെസ്ലയ്ക്ക് വലിയ തിരിച്ചടിയാണ്. ശേഷിക്കുന്ന ജീവനക്കാരെ ടെസ്ല കമ്പനിക്കുള്ളില്‍ റീ അസൈന്‍ ചെയ്തുവെന്നാണ് വിവരം.എന്തായിരുന്ന ഡോജോ?2019 മുതലാണ് ഡോജോ എന്ന പേര് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സൂപ്പര്‍ പവര്‍ഫുള്‍ ട്രെയിനിംഗ് കമ്പ്യൂട്ടര്‍ എന്നാണ് മസ്‌ക് ഇതിനെ വിശേഷിപ്പിച്ചത്. വലിയ അളവില്‍ വാഹന വീഡിയോ ഡാറ്റ പ്രോസസ് ചെയ്തുകൊണ്ട് എഐ ചിപ്പുകളെ അനുവദിക്കുന്ന തരത്തിലായിരുന്നു ഇതിന്റെ രൂപഘടന. ടെസ്ലയുടെ പേറ്റന്റ് നേടിയ ‘ഓട്ടോപൈലറ്റ്’ സാങ്കേതികവിദ്യയ്ക്ക് പിന്നീട് ഊര്‍ജ്ജം പകര്‍ന്നതും ഇതേ ചിപ്പുകള്‍ തന്നെ. ടെസ്ലയുടെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളില്‍ ഉപയോഗിച്ചിരിക്കുന്നതും ഇതേ ചിപ്പുകള്‍ തന്നെ.ടെസ്ല കാറുകളെ കരുത്താക്കുന്നത് അതിന്റെ സാങ്കേതിക കഴിവുകളാണ്. അവയില്‍ ഉപയോഗിച്ചിരിക്കുന്ന എഐ ചിപ്പുകള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. ഡോജോയുടെ പതനം കമ്പനിക്കു തിരിച്ചടിയാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ക്ക് ശേഷം കമ്പ്യൂട്ടിംഗ് പവറില്‍ ചിപ്പ് നിര്‍മ്മാണ ഭീമന്മാരായ എന്‍വിഡിയ, എഎംഡി എന്നിവയുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ ടെസ്ല ശ്രമിക്കുന്നു. ചിപ്പ് നിര്‍മ്മാണത്തിനായി സാംസങ്ങുമായും ഒരു കരാര്‍ പരിഗണിക്കുന്നുണ്ട്.