ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘുഉപകരണം നഷ്ടപ്പെട്ടു

Spread the love

പെര്‍ത്ത് : ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘുഉപകരണം നഷ്ടപ്പെട്ടു. ഗുളികയുടെ വലിപ്പമുള്ള ഈ ഉപകരണം കളഞ്ഞുപോയതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വന്‍തിരച്ചില്‍. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഉപകരണമാണ് കളഞ്ഞുപോയത്. അയിരില്‍ ഇരുമ്പിന്റെ അളവ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗെയ്ജ്, യാത്രയ്ക്കിടെ ട്രക്കില്‍ നിന്നു തെറിച്ചുപോയതായി കരുതുന്നു.ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെ സന്നാഹങ്ങള്‍ ഉപയോഗിച്ച് 660 കിലോമീറ്ററോളം റോഡ് ഇപ്പോള്‍ തിരഞ്ഞുകഴിഞ്ഞു. ഓസ്‌ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചിലില്‍ പങ്കാളികളാണ്.ജിപിഎസ് സംവിധാനത്തിലെ വിവരം ഉപയോഗിച്ച് ഡ്രൈവര്‍ സഞ്ചരിച്ച പാത നിര്‍ണയിച്ചാണു തിരച്ചില്‍. മറ്റേതെങ്കിലും വാഹനത്തിന്റെ ടയറില്‍പറ്റി ദൂരെക്കെവിടെയെങ്കിലും പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവര്‍ക്ക് ത്വക് രോഗവുംദഹന, പ്രതിരോധ വ്യവസ്ഥകളില്‍ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലം സമ്പര്‍ക്കം തുടര്‍ന്നാല്‍ കാന്‍സറിനു കാരണമാകാം. ഇതില്‍ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളില്‍ 10 എക്‌സ്‌റേയ്ക്കു തുല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *