സിഐടിയു പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് സമാപനം
കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് സമാപനം. പ്രസിഡന്റായി ടി പി രാമകൃഷ്‌ണനെയും ജനറൽ സെക്രട്ടറിയായി ആർ രാമുവിനെയും സമ്മേളനം തെരഞ്ഞെടുത്തു. പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആയിരങ്ങൾ ഒത്തുചേർന്ന പടുകൂറ്റൻ റാലിയോടെയാണ് കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചത്. ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കടുത്ത തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, എം എൽ എമാരായ വി ജോയ്, വി കെ പ്രശാന്ത് തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. എ കെ ജി ഹാളിൽ നടന്ന സംസ്ഥാന സമ്മേളനം പ്രസിഡന്റായി ടി പി രാമകൃഷ്‌ണനെയും ജനറൽ സെക്രട്ടറിയായി ആർ രാമുവിനെയും സമ്മേളനം തെരഞ്ഞെടുത്തു. എൻ സുന്ദരംപിള്ളയാണ് ട്രഷറർ. ഇതോടൊപ്പം 87 അംഗ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും 287 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.