മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാതല യോഗങ്ങൾക്ക് ഇന്ന് തുടക്കം
സംസ്ഥാന സർക്കാരിന്റെ മേഖലാതല യോഗങ്ങൾക്ക് ഇന്ന് തുടക്കം. നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല യോഗമാണ് ഇന്ന് നടക്കുന്നത്. പാലക്കാട് മലമ്പുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില് രാവിലെ പത്തിനാണ് യോഗം. വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മൂന്ന് ജില്ലകളില്‍ നിന്നുള്ള കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും യോഗത്തില്‍ സംബന്ധിക്കും. ഓരോ യോഗത്തിലും ബന്ധപ്പെട്ട ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അവ ത്വരിതപ്പെടുത്താനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും തടസ്സങ്ങളുണ്ടെങ്കില്‍ ഉയര്‍ന്ന തലത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുകയും ചെയ്യും.
വൈകീട്ട് 4.30 ന് സംസ്ഥാന തല പട്ടയമേള പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 30,000 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്. ജില്ലയില്‍ 9000 പട്ടയങ്ങളില്‍ 4500 പട്ടയങ്ങളുടെ വിതരണം നടക്കും. പട്ടയ വിതരണത്തിനായി 20 കൗണ്ടറുകള്‍ ഒരുക്കും.