കടകളില്‍ നിന്നും മിഠായി വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം : സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍.ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്ബോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ തുടങ്ങിയവയുള്ള മിഠായികള്‍ ഉപയോഗിക്കാതിരിക്കുക, മിഠായികളുടെ ലേബലില്‍ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്ബര്‍ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികള്‍ മാത്രം വാങ്ങുക. റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികള്‍ കഴിക്കരുത്. നിരോധിത ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം നല്‍കി.പാലക്കാട് കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളില്‍ മിഠായി കഴിച്ച് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉതിന് പിന്നാലെ സ്കൂളിനടുത്തുള്ള കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.