ഇനി വെറും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം; സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര തിരിച്ചു
വെറും എട്ട് ദിവസത്തേയ്ക്കായി പോയി, അവസാനം ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിയേണ്ടി വന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് ആണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ എന്ന ബഹിരാകാശ പേടകം ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. പേടകം ബുധനാഴ്ച പുലർച്ചെ 3:27 ഓടെ അമേരിക്കൻ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ കടലില്‍ ഇറങ്ങും. നാസാ ടിവി, നാസയുടെ ഔദ്യോഗിക വെബ്സൈറ്റ്, നാസയുടെ യുട്യൂബ് ചാനല്‍ എന്നിവയില്‍ തിരിച്ചിറക്കം തത്സമയം കാണാം.
തിരികെയെത്തുന്ന അവരെ ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കുന്നത്.