ഭരണഘടനാ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി
ഭരണഘടന സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥാന സമിതി ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനവും മതേതര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ദയവായ്‌പ് കൊണ്ട് ദാനം കിട്ടിയതല്ല പൊരുതി നേടിയതാണെന്നും അതിന്റെ രേഖയാണ് ഭരണഘടനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കലുഷിതമായ ഈ കാലഘട്ടത്തിൽ ഗാന്ധിജിയെയും അംബേദ്ക്കറിനെയും വീണ്ടും പഠിക്കണം, ഗുരു വചനത്തിന്റെ പ്രസക്തി സമൂഹത്തെ വീണ്ടും പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. പൗരത്വം എന്ന ഭരണഘടന സങ്കൽപ്പം തന്നെ ഗുരുവിന്റെ സങ്കൽപ്പങ്ങളുടെ പ്രായോഗിക തുടർച്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വെള്ളാപ്പള്ളി നടേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലിമിസ് കത്തോലിക്ക ബാവ, ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗനന്ദ, കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ ജനാബ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, കെ എൻ എസ് സംസ്ഥാന ട്രഷറർ പി. രാമഭദ്രൻ എന്നിവരുടെ പ്രഭാഷണവും സമ്മേളനത്തിൽ ഉൾപ്പെടുത്തി. രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ജനപങ്കാളിത്തവും സംഗമത്തെ വേറിട്ടതാക്കി.