പട്ടൻകുളിച്ചപാറ പാലം നിർമ്മാണം LDF സർക്കാരിന്റെ വികസന മാതൃകയ്ക്ക് മികച്ച ഉദാഹരണം- മീനാങ്കൽ കുമാർ

Spread the love

അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട്- വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മീനാങ്കൽ- പട്ടൻകുളിച്ച പാറപ്പാലം നിർമ്മാണം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ വികസന മാതൃകയ്ക്ക് മികച്ച ഉദാഹരണമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എ ഐ ടി യു സി ദേശീയ സമിതി അംഗവുമായ മീനാങ്കൽ കുമാർ പ്രസ്താവനയിൽ പറഞ്ഞു.

പതിറ്റാണ്ടുകളായിട്ടുള്ള ജനങ്ങളുടെ ഏറ്റവും വലിയ ചിരകാല അഭിലാഷമാണ് നടപ്പിലാക്കുവാൻ പോകുന്നത്. ഇക്കഴിഞ്ഞ മന്ത്രിസഭായോഗം അഞ്ചു കോടിയിലധികം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പാലം നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ അംഗീകരിച്ചു കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരുവിക്കര മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ജി സ്റ്റീഫൻ എം എൽ എ പാലം നിർമ്മാണത്തിന് ശക്തമായ ഇടപെടലുകളും നടപടികളും ആണ് കൈക്കൊണ്ടിട്ടുള്ളത്. അരുവിക്കര മണ്ഡലം നാളിതുവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് എംഎൽഎ നേതൃത്വം നൽകുന്നത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് പറണ്ടോട്- മീനാങ്കൽ റോഡ് ഉൾപ്പെടെ നിരവധി റോഡുകളുടെ വികസനത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്.

പട്ടൻകുളിച്ച പാറപ്പാലം യാഥാർത്ഥ്യമാകുന്നതോടുകൂടി ജനതയുടെ അര നൂറ്റാണ്ട് കാലത്തെ ആഗ്രഹം സഫലീകരിക്കുകയും ഈ പ്രദേശത്തിന്റെ വികസന മുന്നേറ്റം സാക്ഷാത്കരിക്കുകയും ചെയ്യും. കോവളം- നെയ്യാർ ദേശീയ ആനപ്പാർക്കായിട്ടുള്ള അഗസ്ത്യവനം ഉൾപ്പെടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് പൊന്മുടി പേപ്പാറ ബോണക്കാട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്താവുന്നതും ഐസർ തുടങ്ങിയ ദേശീയ പ്രാധാന്യമർഹിക്കുന്ന സ്ഥാപനത്തിലേക്കുമുള്ള ഗതാഗതവും എളുപ്പമാകും.

കേന്ദ്രസർക്കാറിന്റെ സാമ്പത്തിക വിവേചനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിലും ജനാഭിലാഷം പരിഗണിച്ച് നാടിന്റെ വികസന മാതൃകയ്ക്ക് ഏറ്റവും വലിയ ഉദാഹരണമായി പട്ടം കുളിച്ച പാറപ്പാലം നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ സംസ്ഥാന സർക്കാറിനും സ്ഥലം എംഎൽഎയ്ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *