സംസ്ഥാനത്ത് 74-ാം റിപ്പബ്ലിക് ദിനാഘോഷം : മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു ഗവര്‍ണറുടെ തുടക്കം. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നതും മലയാളത്തില്‍ ആയിരുന്നു.സംസ്ഥാന സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും തന്‍റെ പ്രസംഗത്തില്‍ പ്രശംസിച്ച അദ്ദേഹം സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയാണ്. സ്റ്റാര്‍ട്ടപ്പ് മിഷനുകളിലൂടെ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കി. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്‍റെ മുന്നേറ്റത്തില്‍ നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടു. ലൈഫ് പദ്ധതിയെ പ്രശംസിച്ച ഗവര്‍ണര്‍ കേരളത്തിന്‍റെ ആരോഗ്യ മേഖല വലിയ നേട്ടങ്ങളുണ്ടാക്കിയതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്‍റെ സ്വപ്‌നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നു. ആരോഗ്യമേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആര്‍ദ്രം മിഷന്‍ കേരളത്തിന്‍റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരെയുള്ളിടങ്ങില്‍ ഈ പുരോഗതി വ്യക്തമാണ്.കേരളത്തിന്‍റെ കാര്‍ഷിക പദ്ധതികള്‍ ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെ നടക്കുന്നത് സന്ധിയില്ലാത്ത നിലപാട് ആണ്.ആഗോള തലത്തില്‍ തീവ്രവാദത്തിനും പകര്‍ച്ചവ്യാധികള്‍ക്കും എതിരായ പോരാട്ടത്തില്‍ ഇന്ത്യ നേതൃസ്ഥാനത്താണെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. റിപ്പബ്ലിക്ക് ആഘോഷത്തിന്‍റെ ഭാഗമായി ജില്ലകളില്‍ വിവിധ മന്ത്രിമാര്‍ പരേഡുകളില്‍ പങ്കെടുത്ത് ആഘോഷങ്ങള്‍ക്ക് നേതൃത്വം നൽകി.