പരസ്യമടക്കമുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഔദ്യോഗിക ചിഹ്നങ്ങങ്ങൾ ഉപയോഗിച്ചാൽ തടവും പിഴയും
ദുബായ് എമിറേറ്റിന്റെയും സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നങ്ങങ്ങളുടെയും ലോഗോയുടെയും ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചു. പരസ്യം ചെയ്യൽ, ഉത്പന്നങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വാണിജ്യാവശ്യങ്ങൾക്കായി ഔദ്യോഗികചിഹ്നങ്ങങ്ങൾ ഉപയോഗിച്ചാൽ തടവും പിഴയുമടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ദുബായുടെ ഔദ്യോഗികചിഹ്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്. അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നാണ് പ്രധാന നിബന്ധന. അനുമതി നേടിയാലും മാർഗനിർദേശങ്ങളനുസരിച്ച് മാത്രമേ ചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂവെന്നും പുതിയ നിയമം അനുശാസിക്കുന്നു.
പരസ്യം ചെയ്യൽ, ഉത്പന്നങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വാണിജ്യാവശ്യങ്ങൾക്കായി ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കരുത്. ഏതെങ്കിലും വിധത്തിൽ മോശമായി ചിത്രീകരിക്കുന്നതോ അതിന്റെ മൂല്യത്തെ ദോഷകരമായി ബാധിക്കുന്നതോ ആയ പ്രവർത്തനങ്ങളും കുറ്റകരമാണ്. നിയമലംഘകർക്ക് അഞ്ചുവർഷംവരെ തടവോ ഒരുലക്ഷം ദിർഹംമുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ആണ് ശിക്ഷ. നിലവിൽ അനുമതി നേടാതെ ഔദ്യോഗികചിഹ്നങ്ങൾ ഉപയോഗിക്കുന്നവർ 30 ദിവസത്തിനുള്ളിൽ അത് നീക്കംചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക ചിഹ്നങ്ങൾ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ നിർബന്ധമായും അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.