പിഎഫ് അക്കൗണ്ട് മാറ്റുന്നതിനായി ജീവനക്കാർക്ക് ഇനി ഓൺലൈനിൽ നേരിട്ട് അപേക്ഷിക്കാം
പിഎഫ് കൈമാറ്റ പ്രക്രിയ ലളിതമാക്കി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ജോലി മാറുന്ന ഘട്ടത്തിൽ ഇപിഎഫ് അക്കൗണ്ടുകൂടി മാറ്റുന്നതിനായി ജീവനക്കാർക്ക് ഇനി ഓൺലൈനിൽ നേരിട്ട് അപേക്ഷിക്കാൻ സാധിക്കും. ഇപിഎഫ്‌ഒ. ഇ – കെവൈസി (ആധാർ ബന്ധിത) അക്കൗണ്ടുള്ള ഇപിഎഫ് വരിക്കാർക്കാണ് പുതിയ ഓൺലൈൻ സേവനം ലഭ്യമാകുക. . ഇതിന് പുറമെ പേര്, ജനനതീയതി, പങ്കാളിയുടെ പേര് തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ അംഗങ്ങൾക്ക് ഇനി ഓൺലൈൻ ആയി നേരിട്ടു തിരുത്താനും സാധിക്കും.
നേരത്തെ തൊഴിലുടമ വഴി മാത്രമാണ് അക്കൗണ്ട് മാറ്റം സാധ്യമായിരുന്നത്. തെറ്റുതിരുത്തലിനു തൊഴിലുടമ വഴി ഇപിഎഫ്ഒയിൽ അപേക്ഷിക്കണമെന്ന നിബന്ധനയും ഇപ്പോൾ ഒഴിവാക്കി.
ജോലി മാറുന്ന ഘട്ടത്തിൽ ചെയ്യേണ്ട ഇപിഎഫ് അക്കൗണ്ട് മാറ്റം ആധാർ ഒടിപി വഴിയാണ് നേരിട്ട് ചെയ്യാനാവുക. ഇതിന് തൊഴിലുടമയുടെ അനുമതി ഇനി മുതൽ ആവശ്യമില്ല. പുതിയ സംവിധാനത്തിലേക്ക് എത്തുന്നതോടെ അപേക്ഷകൾ നേരിട്ട് ഇപിഎഫ്‌ഓയ്‌ക്ക് മുമ്പാകെ എത്തുകയും വേഗത്തിൽ പരിഗണിക്കപ്പെടുകയും ചെയ്യും.
പേര്, ജനനതീയതി, മാതാപിതാക്കളുടെ പേര്, പങ്കാളിയുടെ പേര്, ജോലിയിൽ പ്രവേശിച്ച വർഷം, ജോലിവിട്ട വർഷം തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ 2017 ഒക്‌ടോബർ ഒന്നിനുശേഷം ഇപിഎഫ്‌ഒ അക്കൗണ്ട് നമ്പർ (യുഎഎൻ) ലഭിച്ചവർക്ക് ഇനി മുതൽ നേരിട്ട് മാറ്റാനാകും. തൊഴിലുടമയുടെ പരിശോധനയോ ഇപിഎഫ്‌ഒയുടെ അനുമതിയോ ഇതിന് ആവശ്യമില്ല. ഇതിനകം അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് അപേക്ഷ ഒഴിവാക്കി പുതിയ രീതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയും.
നടപടികൾ ലളിതമാക്കിയത് അപേക്ഷകർക്കും തൊഴിലുടമകൾക്കും ഇപിഎഫ്ഒ ജീവനക്കാർക്കും ആശ്വാസം നൽകും. നടപ്പു സാമ്പത്തിക വർഷത്തിൽ, 8 ലക്ഷം അപേക്ഷകളാണ് തെറ്റുതിരുത്താൻ ഇപിഎഫ്ഒയ്ക്കു ലഭിച്ചത്.