മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Spread the love

മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.രണ്ട് ടൗൺഷിപ്പ് ആയിട്ടാണ് പുനരധിവാസം നടപ്പാക്കുക.ഓരോ വീടും ആയിരം സ്ക്വയർ ഫീറ്റ് ആയിരിക്കും.ഒറ്റ നില വീടായിരിക്കും നിർമിക്കുക. തീരുമാനങ്ങൾ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.

അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട്എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങിയിട്ടുണ്ട്.ഏൽസ്റ്റൺ,നെടുമ്പാല എസ്റ്റേറ്റുകളിലാണ്‌ സർവ്വേ നടക്കുന്നത്.ഭൂമി ഏറ്റെടുക്കലിനായി സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ജെ യു അരുണിന്റെ നേതൃത്വത്തിലാണ്‌ സംഘം സ്ഥലം പരിശോധിക്കുന്നത്‌.കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത മഹസർ നടപടിക്കും തുടക്കമായിട്ടുട്ട്.പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ നടപടികൾ നടത്തുന്നത്.

അതേസമയം വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂലൈ അവസാനമുണ്ടായ ദുരന്തത്തിൽ മാസങ്ങൾക്ക് ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട കേരളത്തിന്റെ നിരന്തര ആവശ്യവും സമ്മർദവും ആണ് ഒടുവിൽ ഫലം കണ്ടത്.ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.

എന്നാൽ കേന്ദ്രം കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചില്ല. ദുരന്തനിവാരണ നിധിയില്‍ നിന്ന് ആവശ്യത്തിന് പണം നല്‍കി എന്ന് പറഞ്ഞ് കൈകഴുകിയിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യൂ, ദുരന്ത നിവാരണ, ഭവന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കേന്ദ്രം പണം തന്നില്ലെങ്കിലും ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി വയനാട്ടില്‍ ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്നും പറയുന്നത് നടപ്പിലാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുൻപ് പറഞ്ഞിരുന്നു. നാടിന് വിരുദ്ധമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും സഹായം ഇനിയും ആവശ്യപ്പെടുമെന്നും അത് അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *