ബീമാബീവിക്ക് കരുതലായി സർക്കാർ
താലൂക്ക് അദാലത്തിൽ മഞ്ഞ കാർഡ് നൽകി മന്ത്രി ജി.ആർ അനിൽ
ഭർത്താവും മക്കളും ഏറെക്കാലം മുൻപ് മരിച്ചുപോയി ഒറ്റപ്പെട്ട ബീമാപള്ളി വാറുവിളാകം സ്വദേശിനി അറുപത്തെട്ടുകാരി ബീമാബീവിക്ക് താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത് മാറി. നിത്യവൃത്തിക്ക് പോലും ഏറെ കഷ്ടപ്പെടുന്ന ബീമാബീവിക്ക് നീലക്കാർഡായിരുന്നു ഉണ്ടായിരുന്നത്. തരംമാറ്റത്തിനുള്ള അപേക്ഷയുമായി തിരുവനനന്തപുരം താലൂക്ക് അദാലത്തിലെത്തിയ ബീമാബീവിക്ക് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ ആശ്വാസകരമാകുന്ന ഇടപെടൽ നടത്തുകയായിരുന്നു.
അദാലത്തിലെത്തിയ ബീമാബീവിയുടെ അപേക്ഷ പരിഗണിച്ച മന്ത്രി അപ്പോൾതന്നെ മഞ്ഞകാർഡ് നൽകുന്നതിന് അനുമതി നൽകി. അദാലത്തിൽ വെച്ച് തന്നെ കാർഡ് കൈമാറുകയും ചെയ്തു. സൗത്ത് സിറ്റി റേഷനിങ് ഓഫീസ് പരിധിയിലാണ് ബീമാബീവിയുടെ കാർഡ് ഉൾപ്പെടുന്നത്.
അല്ലലില്ലാതെ കഴിയുന്നതിന് അവസരമൊരുങ്ങിയ സന്തോഷത്തിലാണ് ബീമാബീവി ഇപ്പോൾ. സഹായത്തിന് പോലും ആരുമില്ലാത്ത തന്റെ ആവശ്യത്തിൽ അനുഭാവപൂർണമായ തീരുമാനമെടുത്ത സർക്കാരിന് ബീമാബീവി നന്ദി പറഞ്ഞു.