മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരായെന്ന് കെ.ബി. ഗണേഷ് കുമാര്‍
തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരായെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.എല്‍.ഡി.എഫ്. നിയമസഭാ കക്ഷിയോഗത്തിലായിരുന്നു ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എം.എല്‍.എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ ആരോപിച്ചു.എം.എല്‍.എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയില്‍ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിര്‍മാണമാണെങ്കില്‍ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രിയേയും പേരെടുത്ത് ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. മന്ത്രി നല്ലയാളാണ്, എന്നാല്‍ വകുപ്പില്‍ ഒരു പ്രവൃത്തിയും നടക്കുന്നില്ല എന്നായിരുന്നു ഗണേഷിന്റെ ആരോപണം.വിമര്‍ശനം നീണ്ട് ജലവിഭവവകുപ്പിലേക്ക് എത്തിയപ്പോള്‍ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടു. എന്നാല്‍ ഇവിടെ അല്ലാതെ മറ്റെവിടാണ് താന്‍ ഇക്കാര്യങ്ങള്‍ പറയേണ്ടത്, ഇത് പറയാന്‍ മറ്റേതാണ് വേദി എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.