ഐഎസ്ആർഒയുടെ പല പദ്ധതികളും ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുന്നു; ഓഷ്യൻസാറ്റ് ഒരു ഉദാഹരണം മാത്രം: എസ് സോമനാഥ്

Spread the love

ഐഎസ്ആർഒയുടെ പല പദ്ധതികളും ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനായി ചെലവഴിക്കുന്ന ഓരോ രൂപക്കും സമൂഹത്തിന് രണ്ടര രൂപ വീതം തിരികെ കിട്ടുമെന്നും സമീപകാല പഠനങ്ങളിൽ നിന്ന് അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ രംഗത്ത് മറ്റ് രാജ്യങ്ങളുമായി മത്സരിക്കുക എന്നതല്ല, ഇന്ത്യക്ക് വേണ്ടിയുള്ള സേവനം മികച്ചതാക്കുക എന്നതാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ സ്വതന്ത്രമാകാൻ സ്പേസ് ടെക്നോളജിയിൽ കൂടുതൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘ചന്ദ്രനിൽ പോകുകയെന്നത് ചെലവേറിയ കാര്യമാണ്. ഫണ്ടിങ്ങിനായി സർക്കാറിനെ മാത്രം ആശ്രയിക്കാനാകില്ല. ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കണം. ദീർഘകാല നിലനിൽപ്പിന് അത്തരം സാഹചര്യമുണ്ടാക്കണം. ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളിൽ ഉൾപ്പെടെ സ്വതന്ത്രമായ പ്രവർത്തന സാഹചര്യമാണ് വേണ്ടത്. ഇല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ അടച്ചുപൂട്ടാൻ പറഞ്ഞേക്കാം’- എസ് സോമനാഥ് പറഞ്ഞു

ഐഎസ്ആർഒയുടെ പല പദ്ധതികളും ജനങ്ങൾക്ക് നേരിട്ട് ഗുണപ്രദമാണ്. മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പ് അതിനൊരു വലിയ ഉദാഹരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്ന ഓഷ്യൻസാറ്റ് ഉപഗ്രഹം ഇതിനായി സഹായിക്കുന്നു. ഈ ഉപഗ്രഹ സേവനം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നല്ലപോലെ മീൻ കിട്ടുന്നുണ്ട്. ഒപ്പം ഡീസൽ ലാഭിക്കാനും സാധിക്കും. ഇത്തരത്തിൽ വിവിധ മേഖലകളിൽ ഐഎസ്ആർഒയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *