ഉപഗ്രഹ ചിത്രങ്ങളിൽ വിഷപ്പുക മൂടിയ നിലയിൽ ദില്ലിയും ലാഹോറും

Spread the love

ലോകത്തെ ഏത് ഉൾക്കാട്ടിലും കാമറക്കണ്ണുകളുമായെത്തി മിഴിവാർന്ന ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഉപഗ്രഹം പോലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മുകളിലെത്തിയപ്പോ തലയിൽ കൈ വച്ചു കാണും. ക‍ഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രത്തിലാണ് കിഴക്കൻ പാകിസ്ഥാനെയും, മുഴുവൻ വടക്കേ ഇന്ത്യയെയും മൂടുന്ന തരത്തിലുള്ള വിഷപ്പുകയുടെ കട്ടിയുള്ള ആവരണം അന്തരീക്ഷത്തെ മറക്കുന്നതായി കണ്ടെത്തിയത്.

പാകിസ്ഥാനിലെ പഞ്ചാബിലെയും ലാഹോറിലെയും ഇന്ത്യയിലെ ന്യൂഡൽഹിയിലെയും ലൊക്കേഷൻ പിൻ ചെയ്തു കാണിച്ചാണ് നാസ ചിത്രങ്ങൾ പങ്കുവച്ചത്. രണ്ട് നഗരങ്ങളും ചാരനിറത്തിലുള്ള പുകമഞ്ഞിൻ്റെ കീഴിലാണ്.

ഫാക്ടറികളാൽ നിറഞ്ഞ, 14 ദശലക്ഷം ആളുകൾ താമസിക്കുന്ന ലാഹോർ നഗരമാണ് ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ പതിവായി ഒന്നാം റാങ്കിൽ നിൽക്കുന്നത്. തൊട്ടു പിന്നാലെ ദില്ലിയുമുണ്ട്. വായു നിലവാര സൂചികയിൽ 1156 എന്ന എക്കാലത്തെയും റെക്കോർഡ് മലിനീകരണത്തോതാണ് ലാഹോറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കടുത്ത മലിനവായു ഭീഷണിയെ തുടർന്ന് നവംബർ 17 വരെ ഇവിടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു “സ്മോഗ് വാർ റൂം” തന്നെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവിടെ എട്ട് ഡിപ്പാർട്ട്‌മെൻ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് നിയന്ത്രിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായി പ്രവർത്തിക്കുന്നത്.

അതേ സമയം, ദില്ലിയിൽ മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശരാശരി വായുഗുണ നിലവാരം 352 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലി അനുബന്ധിച്ചുള്ള പടക്കം, കരിമരുന്ന് പ്രയോഗം എന്നിവയാണ് വായു ഗുണനിലവാരം മോശമാകാന്‍ കാരണമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *