നീലേശ്വരം വെടിക്കെട്ടപകടം; വധശ്രമത്തിന് കേസെടുത്ത പോലീസ്, 10 പേരുടെ നില ​ഗുരുതരം

Spread the love

കാസര്‍കോട്: നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ അപകടത്തില്‍ വധശ്രമത്തിനും കേസെടുത്തു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 10 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘാടകര്‍ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവരെ കോടതി റിമാന്‍റ് ചെയ്തു. കേസില്‍ പ്രതി ചേര്‍ത്ത കമ്മിറ്റി അംഗങ്ങളായ അഞ്ച് പേര‍് ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജില്ലാ കളക്ടര്‍ നിയോഗിച്ച എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണവും തുടരുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *