ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം

Spread the love

തിരുവനന്തപുരം:പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി.ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം. നാലര വർഷം സർക്കാർ പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ജൂലൈ 5നാണ് വിവരവകാശ കമ്മീഷൻ ഉത്തരവിട്ടത്. 49ആം പേജിലെ 96ആം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുളള പാരഗ്രാഫ് എന്നിവ ഒഴിക്കണമെന്നായിരുന്നു കമ്മീഷൻ നിർദ്ദേശിച്ചത്. ആളുകളുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതൽ ഭാഗങ്ങൾ വേണെങ്കിൽ സർക്കാരിന് ഒഴിവാക്കാമെന്നും ഉത്തരവിൽ ഉണ്ടായരുന്നു.എതൊക്കെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അറിയിച്ച് സാംസ്കാരിക വകുപ്പ് 18ആം തീയതി വിവരവകാശ അപേക്ഷക‍ർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, 19ന്കൈ മാറിയപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടി.49 മുതൽ 53 വരെയുള്ള പേജുകളാണ് പൂർണമായും ഒഴിവാക്കിയത്. 29 പാരഗ്രാഫുകൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ പറഞ്ഞിടത്ത് 130ഓളം പാരഗ്രാഫുകളാണ് സർക്കാർ വെട്ടിയത്. മലയാള സിനിമാരംഗത്തെ പ്രമുഖർ തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് ഹേമ കമ്മിറ്റിക്ക് ബോധ്യപ്പെട്ടെന്ന 96ആം പാരഗ്രാഫിന് തുടർച്ചയായുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ അടങ്ങിയ ഭാഗം സർക്കാർ മനപ്പൂർവം ഒഴിവാക്കിയെന്നാണ് ആക്ഷേപം ഉയരുന്നത്. അതേസമയം, വിവരാവകാശ കമ്മീഷൻ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച 96ആം പാരഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ച 147ആം പാരഗ്രാഫും കൈമാറിയിട്ടുമുണ്ട്. എന്നാൽ ആരുടെയും നിർദ്ദേശം ഇല്ലാതിരുന്നിട്ടും സുപ്രധാനമായ വെളിപ്പെടുത്തലുകൾ അടങ്ങിയ പേജുകൾ സർക്കാർ വെട്ടിയത് ആരെ സംരക്ഷിക്കാനെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിക്കാതിരുന്നതും ദുരൂഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *