ആക്രി പെറുക്കാനെത്തിയവർ കുട്ടികൾക്ക് മയക്കുപൊടി നൽകിയതായി സംശയം
കാട്ടാക്കട : ആക്രി പെറുക്കാൻ എത്തിയവർ കുട്ടികൾക്ക് മയക്കുമരുന്ന് കലർന്ന പൊടി നൽകിയതായി സംശയം. ഇവരിൽനിന്നും വാങ്ങിയ പൊടി കുട്ടികൾ രക്ഷാകർത്താക്കൾക്ക് നൽകിയതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് വാർഡ് അംഗം പൊലീസിൽ പരാതി നൽകി.കാട്ടാക്കട കാനക്കോടു വാർഡിൽ പാപ്പനത്താണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്ടിൽ നിന്ന് എത്തി ആക്രി പെറുക്കുന്ന ഏഴുപേർ പ്രദേശത്ത് കറങ്ങുന്നുണ്ടായിരുന്നു. ഇവരിൽ ആരോ ആണ് കുട്ടികൾക്ക് ഇത് നൽകിയത്കുട്ടികളെ ആകർഷിക്കാൻ സ്വർണ്ണ നിറത്തിലെ പ്രതലത്തിൽ ത്രിവർണ്ണ ഭാരതം ആലേഖനം ചെയ്ത പെട്ടിയിലാണ് പൊടി നിറച്ച കവർ വച്ച് കുട്ടികൾക്ക് നൽകിയത്. ഇത് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ ശക്തിയും നല്ല ഉന്മേഷം ഉണ്ടാകുമെന്നും പറഞ്ഞു. ശേഷം മൊബൈലിൽ കുട്ടികളുടെ ചിത്രം പകർത്തുകയും ചെയ്തു.എന്നാൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ രക്ഷാകർത്താക്കളെ ഏൽപ്പിച്ചു. തുടർന്ന് വിവരം വാർഡ് മെമ്പറെ അറിയിക്കുകയായിരുന്നു.