കുരുക്കൊഴിയാതെ വളപട്ടണം പാലം
പാപ്പിനിശ്ശേരി : ദേശീയപാത വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. ഇന്നലെ വൈകിട്ട് 5ന് പാലത്തിനു മുകളിൽ ഗുഡ്‌സ് ഓട്ടോറിക്ഷ യന്ത്രത്തകരാർ കാരണം നിന്നുപോയി. ആംബുലൻസ് വാഹനങ്ങൾ കടന്നുപോകാൻ പോലും കഴിയാതെ ഏറെനേരം പ്രയാസപ്പെട്ടു. വാഹനം പിന്നീട് നീക്കിയെങ്കിലും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രാത്രി 9 വരെ തുടർന്നു. പാപ്പിനിശ്ശേരി മുതൽ പുതിയതെരു വരെ വാഹനങ്ങളുടെ നീണ്ട നിരയായി. മണിക്കൂറുകളോളം വൈകി ഓടേണ്ടി വരുന്ന ബസുകൾ തുടർന്നുള്ള ട്രിപ് ഒഴിവാക്കേണ്ടിവരുന്നതായി ബസ് ജീവനക്കാർ അറിയിച്ചു.പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു വരെ റോഡ് തകർന്നു കുഴികൾ നിറഞ്ഞതും യാത്ര ദുഷ്കരമാക്കി. വളപട്ടണം കളരിവാതുക്കൽ റോഡ്, കെഎസ്ടിപി റോഡ് എന്നിവിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയായി. തുടർന്നു ദേശീയപാതയിലേക്ക് കടക്കാനാകാതെ യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. വളപട്ടണം പാലത്തിനു സമീപം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.