പൂന്തുറയിൽ പൂജാരിയെ അമ്പലത്തിൽ കയറി പിടികൂടിയതായി പരാതി
തിരുവനന്തപുരം : പൂന്തുറയിൽ പൂജാരിയെ അമ്പലത്തിൽ കയറി പിടികൂടിയതായി പരാതി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ പൂജാരിയായ അരുൺ നെയാണ് പോലീസ് അമ്പലത്തിനുള്ളിൽ കടന്ന് ബലമായി പിടികൂടിയത്. ഇന്നലെ വൈകീട്ട് 5.30 ന് പൂജയ്ക്കിടെയാണ് നാടകീയ സംഭവം നടന്നത്.വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിലായിരുന്നു അവിടുത്തെ മുൻ പൂജാരി കൂടിയായിരുന്ന അരുണിനെ കസ്റ്റഡിയിലെടുത്തത്. പരാതി ഉയർന്നതിന് പിന്നാലെ രാത്രി 8 മണിയോടെ തിരികെ കൊണ്ടുവിടുകയായിരുന്നു.അതിനിടെ, സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പൂജാരിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും. ഇവർ ഫോർട്ട് പൊലീസിൽ പരാതി നൽകി. പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും പൂജ തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. പൂന്തുറ പൊലീസിനെതിരെ കേസ് എടുക്കാമെന്ന് ഉറപ്പ് കിട്ടിയതായി പരാതിക്കാർ അറിയിച്ചു. എന്നാൽ പലതവണ ഹാജരാകാൻ നിർദേശിച്ചിട്ടും അരുൺ ഹാജരായില്ലെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. കോവിലിന് വെളിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് വിശദീകരിക്കുന്നു