പാറശാലയിൽ ക്ഷീരസംഗമം
ക്ഷീരകർഷകരുടെ സംഗമത്തിന് വേദിയൊരുക്കി പാറശാല ബ്ലോക്ക് പഞ്ചായത്ത്. മര്യാപുരം മൗണ്ട് കാർമൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്ഷീരസംഗമം-2022 കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ബ്ലോക്ക് പരിധിയിൽ ഏറ്റവും അധികം പാൽ സംഭരിച്ച ക്ഷീരസംഘത്തിനുള്ള പുരസ്‌കാരം പുത്തൻകടവ് ക്ഷീരസംഘത്തിനും മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്‌കാരം ആർഐഒ സ്വദേശി കനകമ്മയ്ക്കും ലഭിച്ചു. മുതിർന്ന ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.
കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാറുകൾ, വിവിധതരം പാൽ ഉത്പന്നങ്ങളുടെ വിപണനം, പ്രദർശനം, ഡെയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ക്ഷീരവികസന വകുപ്പ്, പാറശാല ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ, ക്ഷീര സഹകരണസംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മിൽമ, മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ്, സഹകരണ ബാങ്കുകൾ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്.