കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ ശതകോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടി രൂപയാണെന്ന് കോൺഗ്രസ്

Spread the love

ഡൽഹി: ഇടത്തരക്കാർ കനത്ത നികുതിഭാരം വഹിക്കുമ്പോൾ, കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ ശതകോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടി രൂപയാണെന്ന് കോൺഗ്രസ്.വ്യക്തിഗത ആദായനികുതി വരുമാനം കോർപറേറ്റ് നികുതിയെക്കാൾ വളരെയധികം വർധിച്ചതായ വിവരം പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പുറത്തുവിട്ടതോടെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.ജൂലൈ 11വരെയുള്ള കണക്കനുസരിച്ച് മൊത്തം പ്രത്യക്ഷ നികുതി വരുമാനം 5,74,357 കോടി രൂപയായി ഉയർന്നു. റീഫണ്ടുകൾ ഒഴിച്ചാൽ, ഇതിൽ 2,10,274 കോടി രൂപ മാത്രമാണ് കോർപറേറ്റ് ആദായനികുതി. വ്യക്തിഗത ആദായനികുതിയാകട്ടെ 3,46,036 കോടിയും.ഇതോടെ, കമ്പനികളെക്കാൾ കൂടുതൽ നികുതിഭാരം വ്യക്തികളിൽ അടിച്ചേൽപിക്കുകയാണ് ബി.ജെ.പി സർക്കാറെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു. കോൺഗ്രസ് കുറച്ചുകാലമായി ഉന്നയിക്കുന്ന ഈ പ്രശ്നം വീണ്ടും വീണ്ടും സ്ഥിരീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.മൻമോഹൻ സിങ് സ്ഥാനമൊഴിയുമ്പോൾ, വ്യക്തിഗത ആദായനികുതി മൊത്തം നികുതി വരുമാനത്തിന്റെ 21 ശതമാനമായിരുന്നെങ്കിൽ ഇന്നത് 28 ശതമാനമായി ഉയർന്നു.അതേസമയം, കോർപറേറ്റ് നികുതി 35 ശതമാനത്തിൽനിന്ന് 26 ശതമാനത്തിലെത്തി.സ്വകാര്യ നിക്ഷേപത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തിയാണ് 2019 സെപ്റ്റംബർ 20ന് കോർപറേറ്റ് നികുതി നിരക്കുകൾ വെട്ടിക്കുറച്ചതെന്ന് ജയ്റാം രമേശ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *