ബോണക്കാട് റൂട്ടിൽ ഒറ്റയാൻ, ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു; സഞ്ചരിച്ചിരുന്ന ബൈക്ക് തകർത്തു
വിതുര : വിതുര ബോണക്കാട് റൂട്ടിൽ ഒറ്റയാൻ. ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.എന്നാൽ ഇവരുടെ ബൈക്ക് അടിച്ചുതകർത്തു.ബോണക്കാട് വിതുര റൂട്ടിൽ ജഴ്സിഫാം കാണിത്തടം ചെക്ക്പോസ്റ്റിനു സമീപം രണ്ടാംവളവിൽ ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. ബോണക്കാട് സ്വദേശി മനോജ്,ഭാര്യ സുജിത എന്നിവരെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. വളവിൽ ഒറ്റയാൻ നിൽക്കുന്നതു കണ്ട് ദമ്പതികൾ ബൈക്കിൽ നിന്നിറങ്ങിയ ഉടൻ കാട്ടാന ഇവരെ ഒാടിക്കുകയായിരുന്നു. കുറെ ദൂരം കാട്ടാന ചിന്നം വിളിച്ച് ഇവരുടെ പിറകെ ഒാടി.തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.അരിശം മൂത്ത ഒറ്റയാൻ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുൻ ഭാഗം അടിച്ചുതകർത്തു.വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് സംഘമെത്തി ദമ്പതികളെ ബസിൽ കയറ്റി ബോണക്കാട്ടേക്ക് അയയ്ക്കുകയായിരുന്നു. സംഭവത്തിന് തൊട്ടുമുൻപ് ഇതുവഴി ബോണക്കാട്ടേക്ക് പോകാൻ ബൈക്കിൽ വന്ന യുവാവിനെയും കാട്ടാന ഒാടിക്കാൻ ശ്രമിച്ചിരുന്നു. യുവാവ് തിരികെ വിതുരയിലേക്ക് മടങ്ങുകയായിരുന്നു.ഇന്നലെ രാവിലെ വിതുരയിൽ നിന്ന് ബോണക്കാട്ടേക്ക് പുറപ്പെട്ട ബസിന് മുന്നിലും കാണിത്തടത്തിന് സമീപം വച്ച് ഒറ്റയാൻ മാർഗതടസം സൃഷ്ടിച്ചിരുന്നു. മിനിറ്റുകളോളം ഹോൺ മുഴക്കിയപ്പോഴാണ് ഒറ്റയാൻ കാട്ടിനുള്ളിലേക്ക് മടങ്ങിയത്. പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.മാസങ്ങൾക്ക് മുൻപ് ബോണക്കാട്ടു നിന്ന് സന്ധ്യക്ക് ജോലി കഴിഞ്ഞ് വിതുരയിലേക്ക് ബൈക്കിൽ വരികയായിരുന്ന സുഹൃത്തുക്കളായ പ്രിൻസിനെയും മഹേഷിനെയും കാട്ടാന ഇതേ സ്ഥലത്തുവച്ച് ആക്രമിക്കുകയും,ബൈക്ക് തകർക്കുകയും ചെയ്തിരുന്നു.ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ തൊഴിലാളിയെ കരടി ആക്രമിച്ചതിന് പിന്നാലെയാണ് കാട്ടാനയുടെ ആക്രമണവുമുണ്ടായത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.കാട്ടുമൃഗശല്യത്തിന് തടയിടാൻ വനപാലകർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് ആവശ്യപ്പെട്ടു