പ്രസംഗത്തിനിടെ ബിസിനസുകാരെ തെറി പറഞ്ഞ മോട്ടിവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തി വെപ്പിച്ചു
കോഴിക്കോട്: പ്രസംഗത്തിനിടെ ബിസിനസുകാരെ തെറി പറഞ്ഞ മോട്ടിവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തി വെപ്പിച്ചു. കഴിഞ്ഞ ദിവസം റോട്ടറി ഇന്റര്‍നാഷണല്‍ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. അനില്‍ ബാലചന്ദ്രന്‍ ബിസിനസുകാരെ ‘തെണ്ടി’ എന്ന് വിളിച്ചത് കാണികളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അനിലിനെ കാണികള്‍ ചോദ്യം ചെയ്യുകയും കൂകി വിളിക്കുകയും ചെയ്തു. പിന്നാലെ സംഘാടകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തുകയായിരുന്നു.റോട്ടറി ഇന്റര്‍നാഷണലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവില്‍ ‘എന്തുകൊണ്ടാണ് സെയില്‍സ് ക്ലോസ് ചെയ്യാന്‍ പറ്റാത്തത്?’ എന്ന വിഷയത്തിലായിരുന്നു അനില്‍ സംസാരിച്ചത്. പ്രസംഗത്തിനിടെ തുടര്‍ച്ചയായി അനില്‍ ബിസിനസുകാരെ തെറി പറയുകയായിരുന്നു. തുടര്‍ന്ന് കാണികള്‍ ഇത് ചോദ്യം ചെയ്തു.‘കസ്റ്റമറുടെ പിറകെ തെണ്ടാന്‍ നിനക്ക് നാണമില്ലേ..’ എന്നു പറഞ്ഞായിരുന്നു അനില്‍ ബാലചന്ദ്രന്‍ അധിക്ഷേപം തുടങ്ങിയത്. തുടര്‍ന്ന് ബിസിനസുകാരെ ‘തെണ്ടികള്‍’ എന്നു വിളിച്ചു. അധിക്ഷേപം തുടര്‍ന്നതോടെ കേട്ടുനിന്നവര്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ അനില്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രസംഗം തുടരേണ്ടതില്ലെന്ന് കാണികള്‍ വ്യക്തമാക്കിയതോടെ പ്രസംഗം നിര്‍ത്തിച്ചു. കൂകി വിളിച്ചാണ് കാണികള്‍ അനിലിനെ പുറത്തേക്ക് അയച്ചത്.