7 സേവനം ഒറ്റ സർട്ടിഫിക്കറ്റ് ; കെ സ്മാർട്ടിലൂടെ ഓൺലൈനായി
തിരുവനന്തപുരം:കെ സ്മാർട്ടിലൂടെ ഏഴ് രേഖകൾക്ക് തുല്യമായ കെട്ടിട സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. ഉടമസ്ഥത, കെട്ടിടത്തിന്റെ കാലപ്പഴക്കം, വിസ്തീർണം, മേൽക്കൂരയുടെ തരം, ഏതു വിഭാഗത്തിലാണ് കെട്ടിടത്തിന് നികുതി ഇളവ്, നികുതി കുടിശ്ശിക ഇല്ലെന്നതിന്റെ രേഖ, നികുതി വിശദാംശങ്ങൾ എന്നിവയാണ് ഈ ഒറ്റ സർട്ടിഫിക്കറ്റിൽ ലഭിക്കുക.87 നഗരസഭകളിലും ആറ് കോർപറേഷനുകളിലും ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകും. ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകൾ, വീട്ടു വിലാസരേഖ, നികുതി കുടിശ്ശിക ഇല്ലെന്നതിനുള്ള തെളിവ്, റേഷൻ കാർഡിനുള്ള അപേക്ഷ തുടങ്ങിയ ആവശ്യങ്ങൾക്ക് ഒറ്റ സർട്ടിഫിക്കറ്റ് മതിയാകും. 93 തദ്ദേശ സ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട 77 കോടി രേഖകളാണ് കെ സ്മാർട്ടിൽ ഉൾപ്പെടുത്തിയത്. അധികം വൈകാതെ ഈ സർട്ടിഫിക്കറ്റുകൾ അപേക്ഷകന്റെ വാട്സാപ്പിൽ അയച്ചുകൊടുക്കുന്ന സംവിധാനവും പ്രവർത്തന സജ്ജമാകും. ഇതിനായുള്ള വാട്‌സാപ് ഇന്റഗ്രേഷൻ നടപടി പുരോഗമിക്കുകയാണ്.*സർട്ടിഫിക്കറ്റ് കിട്ടാൻ*കെ സ്മാർട്ട് ആപ് വഴിയോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്‍വേഡും സൃഷ്ടിച്ച് തങ്ങളുടെ കെട്ടിടങ്ങൾ ലിങ്ക് ചെയ്ത് ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കെട്ടിട ഉടമസ്ഥരുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്ത് നഗരസഭ അധികൃതർ അനുമതി നൽകുന്നതോടെ സർട്ടിഫിക്കറ്റ് ലഭ്യമാകും. താമസക്കാർക്കുള്ള റസിഡൻസി സർട്ടിഫിക്കറ്റും കെ സ്മാർട്ടിലൂടെ ലഭിക്കും. ഇതിനായി ഉടമസ്ഥർ കെ സ്മാർട്ട് വഴി താമസക്കാരുടെ വിവരങ്ങൾ ചേർക്കണം. അടുത്ത ബന്ധുക്കളാണെങ്കിൽ സത്യവാങ്മൂലവും വാടകക്കാരനാണെങ്കിൽ വാടകക്കരാറുമാണ് രേഖയായി അപ്‌ലോഡ് ചെയ്യേണ്ടത്.