കൊട്ടിക്കലാശം കളറാക്കി മുന്നണികള്‍; പലയിടത്തും വൻ സംഘര്‍ഷം; പരസ്യ പ്രചാരണത്തിന് കൊടിയിറക്കം

Spread the love

തിരുവനന്തപുരം : ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു. ഇനിയുള്ള മണിക്കൂറുകള്‍നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറി. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സംഘര്‍ഷത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും പരിക്കേറ്റു. കല്ലേറിനിടെയാണ് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്.തൊടുപുഴയിൽ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളിൽ എൽഡിഎഫ് പ്രവർത്തകർ കൊടി നാട്ടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത് .പൊലീസും നേതാക്കളും ചേർന്ന് പരിഹരിക്കുകയായിരുന്നു.നെയ്യാറ്റിൻകരയില്‍ പൊലീസ് ലാത്തിവീശി. കെഎസ്‍യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു. മഴ പെയ്യുന്നതിനിടെയും കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. കൊട്ടിക്കലാശത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബസിന് മുകളില്‍ കയറിയത്. ഇതിനെചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. കെഎസ്ആര്‍ടിസി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിർത്തിയതാണ് സംഘർഷത്തിന് കാരണം. കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തിരുവനന്തപുരം മണ്ഡലത്തിലെ കൊട്ടിക്കലാശം നടന്ന പേരൂര്‍ക്കടയിൽ മഴ പെയ്തെങ്കിലും പ്രവര്‍ത്തകരുടെ ആവേശം ഒട്ടും ചോര്‍ന്നില്ല. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *