കുന്നംകുളം ചിറ്റഞ്ഞൂരിൽ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി
കുന്നംകുളം: പ്രധാനമന്ത്രി കുന്നംകുളത്ത് സന്ദർശനം നടത്താനിരിക്കെ കുന്നംകുളം ചിറ്റഞ്ഞൂരിൽ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശവാസി ചിറ്റഞ്ഞൂർ ഭാഗത്തെ അരുപാടത്തേക്ക് തേങ്ങ പെറക്കുന്നതിനായി പോയപ്പോഴാണ് പോടകവസ്തു ലഭിച്ചത്. തുടർന്ന് ഇദ്ദേഹം സ്ഫോടക വസ്തുവാണെന്ന് മനസ്സിലാക്കാതെ ചിറ്റഞ്ഞൂർ എൽപി സ്കൂളിന് സമീപത്ത് തെർമോകോൾ ബോക്സിലാക്കി വെക്കുകയായിരുന്നു. സ്ഫോടക വസ്തു കണ്ട് സംശയം തോന്നിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും കുന്നംകുളം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഉഗ്ര ശേഷിയുള്ള മനുഷ്യനിർമ്മിത സ്ഫോടക വസ്തുവാണിതെന്ന് മനസ്സിലാക്കിയത്. തുടർന്ന് ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡ് അല്പസമയത്തിനകം സ്ഥലത്തെത്തി പരിശോധന നടത്തും.