സിദ്ധാർഥന്റെ മരണംസിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

Spread the love

വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതികള്‍ എസ്എഫ്ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. എസ്എഫ്ഐയും അതാണ് പറഞ്ഞത്. സംഭവത്തില്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ എസ്എഫ്ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഡീന്‍ എം.കെ നാരായണനും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നല്‍കും. ഹോസ്റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുന്‍പ് കാരണം ബോധിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇരുവരുടേയും അഭ്യര്‍ത്ഥന മാനിച്ച് രാവിലെ പത്തര വരെ സമയം നീട്ടി നല്‍കി. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവര്‍ക്കും എതിരായ നടപടി. നിലവില്‍ കേസിലെ എല്ലാ പ്രതികളും റിമാന്‍ഡിലാണ്. ഇവരില്‍ കൂടുതല്‍ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തുടര്‍ച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.ഇതിനിടെ പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെതിരെ മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തി. പരീക്ഷാ സമയത്ത് സമരം പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കെഎസ്യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. ഇതിനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെടണം. വിദ്യാര്‍ത്ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷ എഴുതാന്‍ പൊലീസ് സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്യു പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, സര്‍വകലാശാല തല പരീക്ഷകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയതായാണ് കെ.എസ്.യു അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *