വയനാട്ടിൽ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷം : നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തി
മാനന്തവാടി: വയനാട് പടമലയില്‍ ആനയ്ക്ക് പിന്നാലെ കടുവയും ഇറങ്ങിയതോടെ പരിഭ്രാന്തിയിലാണ് ജനങ്ങള്‍. ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പന്തംകൊളുത്തി പ്രതിഷേധം നടത്തി. ‘കാട്ടില്‍ മതി കാട്ടുനീതി. മനുഷ്യ ജീവന് പുല്ലുവില നല്‍കുന്ന കാട്ടുനീതിക്കെതിരേ കര്‍ഷകരുടെ പ്രതിഷേധം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനങ്ങള്‍ പടമലയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചത്.‘ഞങ്ങള്‍ക്ക് സമാധാനത്തോടെ കിടന്നുറങ്ങണം. ഞങ്ങള്‍ കര്‍ഷകര്‍ മാത്രമാണ്. ഞങ്ങളുടെ വികാരം എ.സി റൂമില്‍ ഇരിക്കുന്നവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല’, നാട്ടുകാര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.പടമലപള്ളിയുടെ പരിസര പ്രദേശത്താണ് ബുധനാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നത്. പള്ളിയിലേക്ക് പോകുന്നതിനിടെ ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി അറിയിച്ചത്. കടുവ റോഡിന് കുറുകെ ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് മരിച്ച സ്ഥലത്തിന് സമീപമാണ് കടുവയെ കണ്ടത്. ശനിയാഴ്ച രാവിലെയായിരുന്നു മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കര്‍ണാടകയില്‍ ജനവാസമേഖലയില്‍നിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് അദ്ദേഹത്തെ ആക്രമിച്ചത്. ഈ ആനയെ പിടികൂടി പ്രദേശത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് കടുവയും നാട്ടിലിറങ്ങിയത്.