കർഷകസംഘടനകളുടെ രാജ്യതലസ്ഥാനത്തെ ചലോ മാർച്ച് ഇന്ന്

Spread the love

ന്യൂഡല്‍ഹി: താങ്ങുവില നിയമപരമാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകസംഘടനകള്‍ രാജ്യതലസ്ഥാനം വളയല്‍ സമരം -ഡല്‍ഹി ചലോ മാര്‍ച്ച്-ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. യു.പി., ഹരിയാണ അതിര്‍ത്തികളടച്ച് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസിനുപുറമേ കേന്ദ്രസേനകളെയും അതിര്‍ത്തികളില്‍ വിന്യസിച്ചു. ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. യു.പി., ഹരിയാണ അതിര്‍ത്തികളായ ഗാസിയാബാദ്, തിക്രി, സിംഘു എന്നിവിടങ്ങളില്‍, വഴി കോണ്‍ക്രീറ്റ് ചെയ്തുയര്‍ത്തി ഗതാഗതം വിലക്കി. ബഹുതല ബാരിക്കേഡ് നിരത്തലിനു പുറമേയാണിത്. ഡല്‍ഹി ലക്ഷ്യമിട്ട് അതിര്‍ത്തിപ്രദേശങ്ങളില്‍ കര്‍ഷകരെത്തി തമ്പടിക്കുന്നു.അനുനയ നീക്കവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍, കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് ചണ്ഡീഗഢില്‍ ആരംഭിച്ച ചര്‍ച്ച തുടരുകയാണ്. കര്‍ഷക നേതാക്കളായ ജഗ്ജിത് സിങ് ദല്ലേവാള്‍, സര്‍വാന്‍ സിങ് പാന്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരുമായി കഴിഞ്ഞയാഴ്ചയും കര്‍ഷകര്‍ ചര്‍ച്ചയ്ക്കിരുന്നെങ്കിലും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നില്ലെന്ന പേരില്‍ തീരുമാനമുണ്ടായിരുന്നില്ല.സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയിതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ഇരുനൂറിലേറെ കര്‍ഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്. കര്‍ഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.

Leave a Reply

Your email address will not be published. Required fields are marked *