കേരള പദയാത്രയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം
കാസർഗോഡ്: എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്ര പാർലമെൻ്ററി- വിദേശകാര്യ മന്ത്രി വി.മുരളീധരൻ ചടങ്ങിൽ മുഖ്യാഥിതിയായി. എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, എൻഡിഎ വൈസ് ചെയർമാൻ പികെ കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സികെ പദ്മനാഭൻ, ജെആർപി സംസ്ഥാന സ്ഥാന അദ്ധ്യക്ഷ സികെ ജാനു, ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ സംസാരിച്ചു. രാവിലെ മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയ കെ.സുരേന്ദ്രൻ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചുമരെഴുത്തു ക്യാമ്പയിന് സുരേന്ദ്രൻ കാസർഗോഡ് നഗരത്തിൽ ചുമരെഴുതി തുടക്കം കുറിച്ചു. മത-സാമുദായിക നേതാക്കളുടേയും പൗരപ്രമുഖരുടേയും സ്നേഹസംഗമത്തിലും കെ.സുരേന്ദ്രൻ പങ്കെടുത്തു. സ്നേഹ സംഗമം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.*നിരവധി പേർ ബിജെപിയിൽ ചേർന്നു*കെപിസിസി എക്സിക്യുട്ടീവ് മെമ്പർ കെകെ നാരായണൻ, സിപിഎം പരപ്പ ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രൻ പൈക്ക, പൈവളിഗ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് മഞ്ജുനാഥ ഷെട്ടി, പൈവളിഗ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ലക്ഷ്മി ഷാ റായ്, കോൺഗ്രസ് മുൻ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി സന്ദീപ് റായി, അഖില കേരള യാദവ സഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.രമേഷ് യാദവ്, നീതി കോ-ഓപ്പറേറ്റീവ് മെഡിക്കൽസ് ഡയറക്ടർ അഡ്വ.പി.അരവിന്ദാക്ഷൻ തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു.*കേരള പദയാത്ര പുതിയ കേരളം നിർമ്മിക്കാൻ: കെ.സുരേന്ദ്രൻ*ഇടതു-വലത് മുന്നണികൾ തകർത്ത കേരളത്തെ രക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജാഥാ ക്യാപ്റ്റൻ കെ.സുരേന്ദ്രൻ. പുതിയ കേരളം നിർമ്മിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നത്. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. അഴിമതിമുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.