അരുവിക്കര സർക്കാർ സിദ്ധ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം
സിദ്ധവൈദ്യത്തിൻ്റെ ഗുണങ്ങൾ ജനങ്ങൾക്ക് മികച്ച സൗകര്യങ്ങളോടെ ലഭ്യമാക്കുന്നതിനായി അരുവിക്കര ഗ്രാമ പഞ്ചായത്തിലെ സിദ്ധ ആശുപത്രി ഇനി പുതിയ കെട്ടിടത്തിൽ. പുതിയ ആശുപത്രി കെട്ടിടം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. സിദ്ധ വൈദ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ചികിത്സ പദ്ധതിയായ മകൾജ്യോതി സംസ്ഥാനത്ത് വിജയകരമായി നടത്തുന്നത് സിദ്ധ വൈദ്യത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ജി. സ്റ്റീഫൻ എം. എൽ. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. 2012 ൽ അരുവിക്കരയിൽ ആരംഭിച്ച സിദ്ധ ആശുപത്രി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അരുവിക്കര ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ട് 35 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പഴനിലം, മൈലംമൂട് അങ്കണവാടിക്ക് സമീപമാണ് പുതിയ ആശുപത്രി. രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് 2 വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം.നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, വൈസ് പ്രസിഡന്റ് രേണുക രവി, വിവിധ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, സിദ്ധ ആശുപത്രി ഡോക്ടർ അരുൺ ബി. രാജ് തുടങ്ങിയവർ സന്നിഹിതരായി.