ബഫര്‍സോണ്‍-സുപ്രീംകോടതി നിലപാട് അനുകൂലം -മന്ത്രി എ.കെ.ശശീന്ദ്രന്‍
കേരളത്തിലെ മലയോര കര്‍ഷക ജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിലപാടാണ് ബഫര്‍സോണ്‍ സംബന്ധിച്ച് ബഹു. സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. കേന്ദ്രവും കേരളവും നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതോടൊപ്പം ബഫര്‍സോണ്‍ സംബന്ധിച്ച് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. കോടതിയുടെ ഈ നിലപാടിനെ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാരും കാണുന്നത്. കേരളത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ ഉത്കണ്ഠയായിരുന്നു എല്ലാവരും ബഫര്‍സോണില്‍ ഉള്‍പ്പെട്ടു പോകുമോ എന്നത്. ഉത്തരവ് വന്നത് മുതല്‍ ഇതിന് പരിഹാരം കാണാന്‍ നിയമപരമായും രാഷ്ട്രീയമായും സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കേരള ജനതയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത് പാലിക്കാന്‍ കഴിയുമെന്നാണ് ബഹു. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാട് എടുത്താല്‍ ബോധ്യമാകുന്നത്. ജനവാസ മേഖലയെ ഒഴിവാക്കുക എന്ന കര്‍ഷകരുടെ ആവശ്യം നൂറു ശതമാനം ശരിയാണ് എന്നതാണ് സര്‍ക്കാര്‍ നിലപാട്. ആ നിലയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിയമത്തിന്റെ വഴിയിലൂടെ ഏതറ്റം വരെയും പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കേസ് വരുന്ന തിങ്കളാഴ്ച്ച വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നതാണ്.