മുഖ്യമന്ത്രി ഭക്തരല്ലാത്ത ആർക്കും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയെന്ന് : ആർ വൈ എഫ്

Spread the love

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ അഴിമതിയുടെയും ദുരിത ഭരണത്തിന്റെയും ഭാഗമായി ഇരകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. മുഖ്യമന്ത്രി ഭക്തരല്ലാത്ത ആർക്കും കേരളത്തിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എത്ര വലിയ അഴിമതിയും തെളിവ് സഹിതം പുറത്തു വന്നാലും നിശബ്ദതയാണ് മുഖ്യമന്ത്രിയുടെ മറുപടി.അഴിമതിയെ സകുടുംബം സാർവ്വത്രികമാക്കിയ മറ്റൊരു ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല. അഴിമതി കൊണ്ട് കേരളത്തിലെ യുവജനങ്ങൾക്ക്സർക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. രണ്ടാം പിണറായി സർക്കാർ അഴിമതി ഫോക്കസ്സ് ചെയ്യുന്നതിനാലാണ് സാമ്പത്തികാസൂത്രണം പരാജയപ്പെടുന്നതും കടമെടുപ്പ് സർക്കാരായി മാറുന്നതും. ഭരണകൂട ഭീകരത സൃഷ്ടിച്ച് ചോദ്യം ചെയ്യുന്നവരെ വരുതിയിലാക്കുന്ന മോദിസത്തിന്റെ കേരളത്തിലെ ബ്രാന്റ് അംബാസിഡറാണ് പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക്കിന് മേൽ കേന്ദ്ര അന്വേഷണം വന്നിട്ടുള്ളത് മുൻകാല രീതിയിൽ പിണറായി സർക്കാരിന്റെ അഴിമതികളിൽ നടന്നിട്ടുള്ള അന്വേഷണങ്ങളെ പോലെ ഇലക്ഷൻ സ്റ്റണ്ട് മാത്രമാക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നതാവരുത്. വളരെ ഗൗരവമായ രീതിയിലാണ് ഈ വിഷയത്തെ പൊതു സമൂഹം നോക്കിക്കാണുന്നത്. പി എസ് സിയെ നോക്കുകുത്തിയാക്കി പാർട്ടിക്കാർക്കും സ്വന്തക്കാർക്കും പിൻവാതിലിലൂടെ തൊഴിൽ നൽകുന്നതു മൂലം കേരളത്തിലെ യുവ സമൂഹം നിരാശയിലാണ്. അതുകൊണ്ടാണ് 4.62 ലക്ഷം പി എസ് സി അപേക്ഷകരുടെ കുറവ് എൽ ഡി ക്ലർക്ക് തസ്തികയിൽ ഈ വർഷം ഉണ്ടായത്. പി എസ് സി നിയമനത്തിൽ മുൻ വർഷത്തേക്കാൾ 60% കുറവ് നിയമനമാണ് 2023 ൽ നടന്നത്.സംസ്ഥാന ഖജനാവിൽ നിന്നും മാസ ശമ്പളം കൈപ്പറ്റുന്ന 63 % സർക്കാർ ജീവനക്കാരും പി എസ് സി വഴി നിയമനം ലഭിച്ചവരല്ല.കഴിഞ്ഞ ഏഴര വർഷമായി കേരളത്തിൽ നിന്നും യുവാക്കൾ പൗരത്വം പോലും ഉപേക്ഷിച്ച് പലായനം ചെയ്യുന്ന തോത് കൂടുകയാണ്. കൃത്യമായി കണക്ക് പോലും സംസ്ഥാന സർക്കാരിൽ ലഭ്യമല്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കുന്ന സർക്കാരിനെതിരെയുള്ള യുവാക്കളുടെ നിശബ്ദ പ്രതിഷേധം കൂടിയാണ് ഈ പലായനം.കേരളീയം, നവകേരളസദസ്സ് , ലോക കേരള സഭ തുടങ്ങിയ ധൂർത്താഘോഷങ്ങൾ നടത്തി ഖജനാവ് കാലിയായ സർക്കാർ ജനങ്ങളെ കൂടുതൽ ദുരിത കയത്തിലാക്കുന്നു. പെൺക്കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പു നൽകാൻ ഈ സർക്കാരിന് കഴിയുന്നില്ലായെന്നതിന് ഉദാഹരണങ്ങളാണ് വണ്ടിപ്പെരിയാർ , വാളയാർ തുടങ്ങിയ സംഭവങ്ങൾ . ലഹരി കടത്ത് ആശങ്കയോടെയാണ് ഓരോരുത്തരും നോക്കി കാണുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല തകർത്തു. ആഭ്യന്തര വകുപ്പ് കാര്യക്ഷമതയില്ലാതാക്കി. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. സപ്ലൈക്കോയും കെ എസ് ആർ ടി സിയും അടച്ചുപൂട്ടലിന്റെ അവസ്ഥയിലാണ് . സമസ്ത മേഖലയിലും അഴിമതി സർക്കാർ ദുരിത കേരളം സൃഷ്ടിച്ചു കഴിഞ്ഞു.കേരളത്തിലെ പൊതു ഗതാഗത സംവിധാനമായ കെ എസ് ആർ ടി സി യും മറ്റ് പൊതു മേഖല സ്ഥാപനങ്ങളെയും തകർത്ത് പ്രഖ്യാപിത നിയമന നിരോധനം സൃഷ്ടിച്ച ഭരണാനുകൂല യുവജന സംഘടനകളുടെ സമര യുക്തി അവ്യക്തമാണ്.സ്വർണ്ണക്കളളക്കടത്തിന്റെ ഉറവിടം അറിയാമെന്ന് പറയുകയും എന്നാൽ കേരള മുഖ്യമന്ത്രിയെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമുള്ളത്. ബിജെപി-സിപിഐ (എം) അന്തർധാര പുറത്ത് വരാതിരിക്കാനുള്ള പൊറാട്ട് നാടക സംഘമായി എസ് എഫ് ഐയെ സി പി ഐ (എം) ഉപയോഗിക്കുകയാണ്.അഴിമതി സർക്കാരിനെതിരെജനങ്ങൾ ആഗ്രഹിക്കുന്ന സമര മുഖങ്ങൾ തുറക്കാൻ പ്രതിപക്ഷ യുവജന പ്രസ്ഥാനങ്ങൾക്ക് കാലതാമസം നേരിട്ടുവെന്ന സ്വയം വിമർശനമാണ് ആർ വൈ എഫിനുള്ളത്.ശരിയായ ഒരു ഇടതു യുവജന സമര പ്രസ്ഥാനത്തിന്റെ ഇടം വീണ്ടെടുക്കുന്നതിന് തുടക്കം കുറിയ്ക്കാൻ ശ്രമിയ്ക്കുകയാണ് ആർ വൈ എഫ്. 2024 സ: ടി.കെ. ദിവാകരൻ ദിനമായ ജനുവരി 19 മുതൽ ബേബി ജോൺ ദിനമായ ജനുവരി 29 വരെ കാസറഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് അഴിമതി സർക്കാരിന്റെ ദുരിത ഭരണത്തിനെതിരെ ആർ വൈ എഫ് കേരള സൈക്കിൾ റൈഡ് സംഘടിപ്പിയ്ക്കുന്നു. പിണറായി സർക്കാർ ഭരണം സൃഷ്ടിച്ച ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾ, ഭരണകൂട ഇരകൾ, റാങ്ക് ഹോൾഡർമാർ , യൂത്ത് എന്റർപെണേഴ്സ്, കലാ സാഹിത്യ സാംസ്കാരിക രംഗത്തെ ശ്രദ്ധേയർ, അധ്യാപകർ,പ്രമുഖ ഇടതുപക്ഷ ചിന്താഗതിക്കാർ തുടങ്ങിയ ഒട്ടനവധി പേർ വിവിധ സ്ഥലങ്ങളിൽ ജാഥയിൽ അണിചേരും.ജനുവരി 19 ന് 2 PM ന് കാസറഗോഡ് ബസ് സ്റ്റാന്റ് പരിസരത്ത് ചേരുന്ന യോഗത്തിൽ സൈക്കിൾ റൈഡ് ആർ എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ സൈക്കിൾ ചങ്ങല തീർക്കുകയും സമാപന ഉദ്ഘാടനം ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ നിർവഹിക്കുന്നതാണ്.ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ: വിഷ്ണു മോഹൻ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാർ. 35 സ്ഥിരാംഗങ്ങളെ കൂടാതെ അതത് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും സൈക്കിൾ റൈഡിൽ പങ്കെടുക്കും.പത്രസമ്മേളനത്തിൽ സൈക്കിൾ റൈഡ് ക്യാപ്റ്റൻമാരായ ഉല്ലാസ് കോവൂർ, അഡ്വ. വിഷ്ണു മോഹൻ , ജാഥാ ഡയറക്ടർ കുളക്കട പ്രസന്നൻ ഭാസ് , ആർ വൈ എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാലു രാജ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *