അയോധ്യയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
ലക്നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ആയിരക്കണക്കിന് തീർത്ഥാടകരെ അയോധ്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആസ്ത സ്പെഷ്യൽ’ എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. ട്രെയിനുകളുടെ ചുമതല ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് (ഐആർസിടിസി).ഐആർസിടിസിയുടെ ഔദ്യോഗിക പോർട്ടലിലൂടെ മാത്രമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. ആധാർ നമ്പർ, മേൽവിലാസം, അടിയന്തിര സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള യാത്രക്കാരുടെ വിവരങ്ങൾ ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകേണ്ടതാണ്. ഓരോ മൂന്നാമത്തെ കോച്ചിലും ആറ് ബർത്തുകൾ ഉള്ള ഒരു ബേ, യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ഉൾപ്പെടെയുള്ള ഓൺ ബോർഡ് സേവനങ്ങൾക്കായി നീക്കിവയ്ക്കുന്നതാണ്.ഡിസംബർ അവസാനത്തോടെ റെയിൽവേ ആസ്ത സ്പെഷ്യൽ ട്രെയിനുകളുമായി ബന്ധപ്പെട്ടുള്ള നയം പുറത്തിറക്കിയിരുന്നു. അയോധ്യയ്ക്ക് പുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ‘സാമൂഹിക-സാംസ്കാരിക’ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് കൂടി ആസ്ത സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്.