സംസ്ഥാനത്ത് വമ്പൻ ഹിറ്റായി ഉത്തരവാദിത്വ ടൂറിസം
തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പൻ ഹിറ്റായി ഉത്തരവാദിത്വ ടൂറിസം. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി കോടികളുടെ വരുമാനമാണ് ഇക്കുറി നേടിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 12 കോടി രൂപയുടെ വരുമാനമാണ് സർക്കാറിലേക്ക് എത്തിയത്. സംസ്ഥാനത്തെ 23,786 യൂണിറ്റുകൾ വഴിയാണ് ഈ നേട്ടം. പ്രധാനമായും കരകൗശല ഉൽപ്പന്ന നിർമ്മാണം, ടൂർ ഗൈഡിംഗ്, ടൂർ പാക്കേജുകൾ, ഭക്ഷണ വിൽപ്പന, ഭക്ഷ്യ ഉൽപ്പാദനം, ഭക്ഷ്യ സംസ്കരണം, കൃഷി, സംരക്ഷണം, ആയുർവേദം, കൺസൾട്ടൻസി സേവനം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വരുമാനം ലഭിച്ചിരിക്കുന്നത്.അടുത്ത ഘട്ടത്തിൽ റൂറൽ ടൂറിസം, വില്ലേജ് ടൂറിസം, അഗ്രി ടൂറിസം, ഫാം ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം സജീവമാക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ കോടികളുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. വരുമാനത്തിൽ കോട്ടയം ജില്ലയാണ് ഒന്നാമത്. കോഴിക്കോട് രണ്ടാം സ്ഥാനത്തും. വിവിധ മേഖലകൾ പരിപോഷിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പരിശീലനം നൽകുന്നതാണ്. മൾട്ടി നാഷണൽ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതി വഴിയും, ബാങ്കുകളുടെ സഹായത്തോടെയും പ്രവർത്തന ഫണ്ട് സമാഹരിക്കും.