ഗള്‍ഫ് യാത്രാക്കപ്പല്‍: സന്നദ്ധത അറിയിച്ച് പ്രമുഖ കമ്പനി
തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് നടത്തുവാന്‍ തയ്യാറായി പ്രമുഖ ഷിപ്പിംഗ് സര്‍വ്വീസ് കമ്പനിയായ സായി ഇന്റര്‍നാഷണല്‍ രംഗത്ത്. നവകേരള സദസ്സിനിടയില്‍ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കമ്പനി അധിക്യതര്‍ കൂടിക്കാഴ്ച്ച നടത്തി. ശേഷം മാരിടൈം ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി.യു.എ.ഇയില്‍ നിന്നും ബേപ്പൂരിലേക്ക് യാത്രാക്കപ്പലും വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെ ക്രൂയിസ് സര്‍വ്വീസും നടത്താനുള്ള തല്‍പര്യമാണ് കമ്പനി മുന്നോട്ട് വെച്ചത്. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള, സി.ഇ.ഒ ഷൈന്‍.എ.ഹഖ്, മന്ത്രിയെ പ്രതിനിധീകരിച്ച് പ്രൈവറ്റ് സെക്രട്ടറിമാരായ പി.റ്റി.ജോയി, സി.പി. അന്‍വര്‍ സാദത്ത്, സായി ഷിംപ്പിംഗ് കമ്പനി ഹെഡ് സഞജയ് ബാബര്‍, ആദില്‍ ഫൈസല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനുവരിയില്‍ കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുമെന്നും താമസിയാതെ സര്‍വ്വീസ് ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.