യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് : 15 പേർക്ക് കേസ് പിഡിപിപി വകുപ്പുകൾ ഉൾപ്പെടെ

Spread the love

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പിങ്ക് പൊലീസ് വാഹനം അടിച്ചു തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും കേസ്. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോണ്‍മെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്‌ഐആര്‍ ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേര്‍ത്ത് പിഡിപിപി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ പൊലീസ് നേരിട്ടത് സിപിഎം ഗുണ്ടകളെപ്പോലെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുത്ത ഒരു വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പുരുഷ എസ്.ഐ വലിച്ചുകീറി. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാന്‍ പുരുഷ പൊലീസുകാര്‍ക്ക് ആരാണ് അധികാരം കൊടുത്തത്?.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുന്‍പിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്‍പിലും ‘ഷോ’ കാണിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനിതാ പ്രവര്‍ത്തകരുടെ നേര്‍ക്ക് പോലീസ് അക്രമം അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയില്‍ തീര്‍ത്ത പ്രതിരോധം വെറു സാമ്പിള്‍ മാത്രമാണെന്നത് പോലീസുകാര്‍ വിസ്മരിക്കരുത്. പ്രവര്‍ത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് മൗഢ്യമാണ്.കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും അക്രമം അഴിച്ചുവിടാനാണ് പൊലീസിന്റെ കരുതുന്നതെങ്കില്‍ തിരിച്ചും അതേ മാര്‍ഗത്തില്‍ കോണ്‍ഗ്രസും പ്രതികരിക്കും. കോണ്‍ഗ്രസ് എല്ലാക്കാലവും സമാധാനത്തിന്റെ പാതയില്‍ പോകുന്നവരാണ് കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നും വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *